News

ഓരോ മണിക്കൂറിലും തൊഴിലില്ലായ്മ കാരണം ഒരു ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്യുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്ന് റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടത്. 2018ല്‍ ഇന്ത്യയില്‍ 1,34,516 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍  92114 പേര്‍ പുരുഷന്മാരും 42319 പേര്‍ സ്ത്രീകളുമാണ്. ഈ റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയെ തുടര്‍ന്ന് 2018ല്‍ 12936 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.ആകെ ആത്മഹത്യയുടെ 9.6% പേരും തൊഴില്‍രഹിതരായ പ്രശ്‌നങ്ങളില്‍പ്പെട്ടാണ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസിനും അറുപത് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പട്ടികയിലുള്ളത്.

ജോലിയില്ലാതായതിനെ തുടര്‍ന്് 10,687 പുരുഷന്മാരാണെങ്കില്‍ 2246 സ്ത്രീകളും ഇത്തരം കാരണത്താല്‍ ജീവിതം സ്വയം അവസാനിപ്പിച്ചിട്ടുണ്ട്. കേരളത്തിലാണ് തൊഴിലില്ലായ്മയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തതെന്നും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അവകാശപ്പെടുന്നു. 1240 തൊഴില്‍രഹിതര്‍ കേരളത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. ആത്മഹത്യയുടെ 12.3% വരും ഇത്. തമിഴ്‌നാട്ടില്‍ 1579 പേരും കര്‍ണാടകയില്‍ 1094 പേരും യുപിയില്‍ 902 പേരും തൊഴിലില്ലായ്മയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. രാജ്യം 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലൂടെയാണ് കടന്നുപോകുന്നത്. 2013-14 മുതല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടിയെന്ന് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7% ആണെന്ന് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.48% ആയിരുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45%ത്തില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിനെ അപേക്ഷിച്ച് തുലോം കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നഗരമേഖലകളില്‍ 8.91% പേര്‍ക്കും ഗ്രാമങ്ങളില്‍ 7.13%വും തൊഴിലില്ലായ്മ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നു. നവംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്.

ത്രിപുര,ഹരിയാന,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ കര്‍ണാടകയും അസം സ്ഥാനം പിടിച്ചു. 0.9% ആണ് നിരക്ക്. ത്രിപുരയില്‍ 28.6% ആളുകള്‍ക്കും,ഹരിയാനയില്‍ 27.6% പേര്‍ക്കും തൊഴിലില്ല.

റിപ്പോര്‍ട്ടിലെ ഒരു പ്രത്യേകതയെന്താണെന്ന്  പരിശോധിച്ചാല്‍ ബിജെപി ഒറ്റയ്ക്കോ സഖ്യകക്ഷികളുമായി കൂട്ടുചേര്‍ന്നോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് എന്നതാണ്. പട്ടികയിലെ ആദ്യ പത്തില്‍ ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുമ്പില്‍. സാമ്പത്തിക പ്രതിസന്ധികളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ജോലികൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന വാസ്തവവാണ് റിപ്പോര്‍ട്ട ്വ്യക്തമാക്കുന്നത്.

Author

Related Articles