News

ഓണ്‍ലൈന്‍ ടേം പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി; പൂര്‍ണമായും സംരക്ഷണം നല്‍കുന്ന എല്‍ഐസി ടെക് ടേം പ്ലാന്‍ പോളിസി ലാഭരഹിതമെന്നും റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസി അവതരിപ്പിച്ച ഓണ്‍ലൈന്‍ ടേം പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്‍ഐസി ടെക്ക്-ടേം പ്ലാന്‍ എന്നാണിതിന്റെ പേര്. ഇത് ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാകൂ. പോളിസി ഉടമ ഏതെങ്കിലും തരത്തില്‍ ആക്‌സമികമായി മരണപ്പെട്ടാല്‍ ഓണ്‍ലൈന്‍ ടേം പ്ലാന്‍ കുടുംബത്തിന് പൂര്‍ണ സംരക്ഷണം നല്‍കും. ഇത് ലാഭ രഹിതമായിരിക്കുമെന്നും എല്‍ഐസി അധികൃതര്‍ വ്യക്തമാക്കുന്നു. 

എല്‍ഐസി ടെക്-ടേം പ്ലാനിന്റെ പരിരക്ഷ അപകടമരണം ഉള്‍പ്പടെ ഏത് കാരണത്താലുള്ള മരണത്തിനും ലഭിക്കും. എന്നാല്‍ ആത്മഹത്യയ്ക്ക് ആദ്യത്തെ വര്‍ഷം ഇന്‍ഷുറന്‍സ് കവറേജ് കിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍ നോമിനിയ്ക്ക് കവറേജ് തുക ലഭിക്കും. പോളിസി ഉടമ പോളിസി കാലാവധി അതിജീവിക്കുകയാണെങ്കില്‍ തുക ഒന്നും തിരിച്ച് ലഭിക്കില്ല. 50 ലക്ഷം രൂപയാണ് കുറഞ്ഞ പോളിസി തുക. ഉയര്‍ന്ന പരിധി ഇല്ല. 

ഈ പോളിസി വാങ്ങുതിന് യോഗ്യത നേടുന്നതിന് അപേക്ഷകന് സ്വന്തമായി വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം. വ്യക്തികളുടെ വരുമാനത്തെ ആശ്രയിച്ചായിരിക്കും സം അഷ്വേഡ്. ഒറ്റത്തവണ പ്രീമിയം അല്ലെങ്കില്‍ റെഗുലര്‍ പ്രീമിയം തിരഞ്ഞെടുക്കാം. കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷവും കൂടിയ കാലാവധി 40 വര്‍ഷവും ആണ്. പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 18 വയസും പരമാവധി പ്രായം 65 വയസ്സുമാണ്.

80 വയസ് വരെ പോളിസിയുടെ കവറേജ് ലഭ്യമാകും. പുകവലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രീമിയം വ്യത്യസ്തമായിരിക്കും. എല്‍ഐസിയുടെ വെബ്സൈറ്റില്‍ നിന്നും ഈ പോളിസി നേരിട്ട് വാങ്ങാം.

Author

Related Articles