News

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളര്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയുമെന്ന് മോദി; വിദേശ പ്രതിരോധ ഉത്പാദകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ നീക്കം; ഇന്ത്യ ആഗോളതലത്തില്‍ തന്നെ വലിയ സാധ്യത

ലക്‌നൗ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 5 ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ഉത്പാദകരേയും നിക്ഷേപകരേയും സംബോധന ചെയ്ത് ബുധനാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെപ്പോലൊരു രാജ്യത്തിന് മുഴുവനായും ഇറക്കുമതിയെ ആശ്രയിക്കാനാകില്ലെന്ന് പതിനൊന്നാമത് ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആദ്യമായി അധികാരത്തിലെത്തിയ 2014 വര്‍ഷത്തില്‍ 210 ഡിഫന്‍സ് ലൈസന്‍സുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 460 ആയി ഉയര്‍ത്തിയിട്ടുണ്ട് എന്നും മോദി കൂട്ടിച്ചേര്‍ത്തു.

പീരങ്കി തോക്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ലൈറ്റ്-കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍, കോംബാറ്റ് ഹെലികോപ്റ്ററുകള്‍ തുടങ്ങി നിരവധി പ്രതിരോധ ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി മൂല്യം 2000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 17000 കോടി രൂപയായി മാറിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യം. ഏതാണ്ട് 35000 കോടി രൂപ വരുമിത്' മോദി പറഞ്ഞു.

ഇന്ത്യ ആഗോളതലത്തില്‍ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രം മാത്രമല്ല, പക്ഷേ ലോകത്തിന് ഒരു വലിയ സാധ്യതയാണെന്നും വരുംവര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണ നിര്‍മ്മാണകേന്ദ്രമായി മാറുമെന്നും മോദി അഭിപ്രായപ്പെട്ടു.

'പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വ്യക്തമായ ഒരു നയമില്ലാതെ പോയതാണ് ഏറ്റവും വലിയ ഇറക്കുമതി രാജ്യമായി നമ്മളെ മാറ്റിയത്. സാങ്കേതികവിദ്യയുടെ ദുരുപയോഗം, തീവ്രവാദം, സൈബര്‍ ഭീഷണി എന്നിവ ലോകം നേരിടുന്ന വെല്ലുവിളികളാണ്. നമ്മുടെ പ്രതിരോധ മേഖലകള്‍ ഇവയെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതുമാണ്. ഇന്ത്യ മറ്റുള്ളവരുടെ പുറകിലല്ല' അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു റോഡ്മാപ്പ് തയാറാക്കിയിട്ടുണ്ടെന്നും ഉറപ്പിച്ചു.

പ്രതിരോധ-സൈനിക കാര്യ വകുപ്പ് തലവന്‍ എന്ന പദവി പുതുതായി സൃഷ്ടിച്ചതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയില്‍ ഞങ്ങളുടെ പ്രതിരോധ തയ്യാറെടുപ്പ് ഒരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ല.  എന്നാല്‍ ഇന്ത്യയുടെ മാത്രമല്ല അയല്‍രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും മോദി പ്രഖ്യാപിച്ചു. ഒപ്പം വിദേശ പ്രതിരോധ ഉത്പാദകരെ ഇന്ത്യയില്‍ വന്ന് നിക്ഷേപം നടത്താന്‍ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

Author

Related Articles