News

സവാള വില വീണ്ടും കൂടുന്നു; ഒരാഴ്ചക്കിടെ ഉയര്‍ന്നത് 56 രൂപ

മുംബൈ: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സവാളയ്ക്ക് വീണ്ടും വില കൂടുന്നു. മുംബൈയില്‍ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 70 രൂപയായി. മുന്തിയ ഇനത്തിന് ചില സ്ഥലങ്ങളില്‍ അത് 80 രൂപയായും ഉയര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കവും, കനത്ത മഴയും വിതച്ച നാശനഷ്ടങ്ങളെ തുടര്‍ന്നാണ് വില ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യയില്‍ 35 മുതല്‍ 40 രൂപ വരെയായിരുന്നു വിലയുണ്ടായിരുന്നത്.

ലോക്ക്ഡൗണില്‍ അടച്ചിട്ട ഹോട്ടലുകള്‍ തുറന്നതോടെ ആവശ്യക്കാര്‍ ഏറിയിരുന്നു. മാത്രമല്ല, ഉത്സവ സീസണ്‍ വരുന്നത് വീണ്ടും വില വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. വലിയ തോതില്‍ ഇന്ത്യ ഉള്ളിക്ക് ക്ഷാമം നേരിടുന്നുണ്ട്. അതിന് പുറമേ ഉള്ളിക്ക് വന്‍ വില ഈടാക്കാനും തുടങ്ങിയ സാഹചര്യത്തിലാണ് കയറ്റുമതി നിരോധിച്ചത്. ഏപ്രില്‍-ജൂലായ് മാസങ്ങളില്‍ മുപ്പത് ശതമാനമാണ് ഉള്ളിയുടെ കയറ്റുമതി വര്‍ധിച്ചത്. ഇത് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍.

അതേസമയം, വില പിടിച്ചുനിര്‍ത്താന്‍ ഈജിപ്തില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഉള്ളി വില 100 കടന്നതായാണ് വിവരം. കേരളത്തില്‍ 96 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ ഉള്ളിക്ക് കേരളത്തില്‍ 56 രൂപ വരെയാണ് വര്‍ദ്ധിച്ചത്. 40 മുതല്‍ 44 രൂപവരെയായിരുന്നു ഒരാഴ്ചയ്ക്ക് മുമ്പുള്ള കേരളത്തിലെ വില.

News Desk
Author

Related Articles