News

ഓയോയ്ക്ക് ആശ്വാസം; സോസ്റ്റലിന്റെ ഇടക്കാല അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

ബംഗളൂരു: ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ ഐപിഒ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സോസ്റ്റല്‍ (സോ റൂംസ്) സമര്‍പ്പിച്ച ഇടക്കാല അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ഓയോയ്ക്ക് ഐപിഒ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ആശ്വാസം തരുന്ന ഒരു നടപടിയാണിത്.

ഓയോയില്‍ 7 ശതമാനം ഓഹരി കൈവശം വയ്ക്കാനുള്ള മുന്‍ അവകാശവാദത്തിനെതിരെ കോടതിയില്‍ പോരാടുകയാണ് സോസ്റ്റലും ഒയോയും. അതേസമയം ഏറ്റവും പുതിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ സോസ്റ്റല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇടക്കാലാശ്വാസം നിഷേധിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ അറിയാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായ വിധിയുടെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്ന് സോസ്റ്റലിന്റെ നിയമോപദേശകന്‍ ടിഎംടി ലോ പ്രാക്ടീസിന്റെ മാനേജിംഗ് പങ്കാളിയായ അഭിഷേക് മല്‍ഹോത്ര പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്വിതീയ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ന്യൂജെന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റോക്ക് വിലയിലെ തകര്‍ച്ചയും കണക്കിലെടുത്ത് ഓയോ അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിന്റെ (ഐപിഒ) വലുപ്പം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഫെബ്രുവരി 10 ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Author

Related Articles