News

ധനലക്ഷ്മി ബാങ്കില്‍ വീണ്ടും രാജി; ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ പി മണികണ്ഠന്‍ സ്ഥാനമൊഴിയുന്നു

ധനലക്ഷ്മി ബാങ്കില്‍ വീണ്ടും രാജി. ധനലക്ഷ്മി ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജരുമായ പി മണികണ്ഠനാണ് രാജി വച്ചിരിക്കുന്നത്. ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോര്‍പ്പറേറ്റ് ചട്ടലംഘനം സംബന്ധിച്ചാണ് രാജിയെന്നാണ് മണി കണ്‍ട്രോള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ബാങ്കിന്റെ തലപ്പത്ത് ഏറെക്കാലമായി നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആര്‍ബിഐ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിയുമായി ഇതിനു ബന്ധമുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഒരു വര്‍ഷം മുമ്പ് റിട്ടയര്‍മെന്റ് കാലം പൂര്‍ത്തിയാക്കിയിട്ടും ഉദ്യോഗസ്ഥ പദവിയില്‍ തുടരുകയായിരുന്നു മണികണ്ഠന്‍. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലായിരുന്നു മണികണ്ഠന്‍ പോസ്റ്റില്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ആര്‍ബിഐ മണികണ്ഠനെ പോസ്റ്റില്‍ നിന്നും എത്രയും പെട്ടെന്ന് നീക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച മാനേജ്മെന്റും ബാങ്കിന്റെ ഉന്നത തല ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാജി സംബന്ധിച്ച തീരുമാനമായെങ്കിലും ശനിയാഴ്ച രാവിലെയാണ് മണികണ്ഠന്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായാണ് മണികണ്ഠന്‍ അറിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പാര്‍ട് ടൈം ചെയര്‍മാന്‍ രാജീവ് കൃഷ്ണന്‍ കഴിഞ്ഞ ജൂണ്‍ 29 നാണ് രാജി വച്ചത്. ഡയറക്റ്റര്‍ കെ എന്‍ മുരളി, അഡീഷണല്‍ ഡയറക്റ്റര്‍ ജെ വെങ്കിടേശന്‍, എന്നിവരായിരുന്നു പിന്നീട് രാജി സമര്‍പ്പിച്ചത്. ഇതോടെ ഉന്നത തലത്തില്‍ നാല് രാജിയായി.

News Desk
Author

Related Articles