News

പാക്കിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് 188 രാജ്യങ്ങളില്‍ വിലക്കിന് സാധ്യത; അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തത് തടസം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികള്‍ക്ക് 188 രാജ്യങ്ങളില്‍ വിലക്കിന് സാധ്യത. പൈലറ്റ് ലൈസന്‍സിങില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തടസമാവുന്നത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് നടപടിക്ക് ഒരുങ്ങുന്നത്.

ലൈസന്‍സിങ് അഴിമതിയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് ഇപ്പോള്‍ തന്നെ യുകെയിലും യൂറോപ്യന്‍ യൂണിയനിലും വിലക്കുണ്ട്. അഴിമതി ഏവിയേഷന്‍ മന്ത്രി ഗുലാം സര്‍വര്‍ ഖാന്റെ പ്രസ്താവനയോടെയാണ് പുറത്ത് വന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ 141 പൈലറ്റുമാരടക്കം രാജ്യത്തെ 262 പൈലറ്റുമാര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും ഇവര്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ലൈസന്‍സ് സ്വന്തമാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തങ്ങളുടെ 179ാമത്തെ സെഷനിലെ 12ാമത്തെ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്ക് ബാധകമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നു. നവംബര്‍ മൂന്നിന് ഓര്‍ഗനൈസേഷന്‍, പാക്കിസ്ഥാനിലെ സിവില്‍ ഏവിയേഷന്‍ ഭരണകൂടത്തിന് അയച്ച കത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ലോകത്തിലെ 188 രാജ്യങ്ങളിലേക്ക് പറക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനിലെ വിമാനക്കമ്പനികള്‍ക്കും ഇവിടെ നിന്നുള്ള പൈലറ്റുമാര്‍ക്കും വിലക്ക് വരുമെന്ന് കരുതുന്നത്. പാക്കിസ്ഥാന്റെ വ്യോമയാന രംഗത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തുകയെന്നാണ് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ വക്താവിന്റെ പ്രതികരണം.

News Desk
Author

Related Articles