News

ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കൊറോണ ബാധിച്ചുവെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ്  മാനുഷികവും സാമ്പത്തികവുമായ തിരിച്ചടികളുണ്ടാക്കി എന്നും രാജ്യങ്ങളെ അവരുടെ വികസന ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പിനെ പിന്നോട്ടടിച്ചു എന്നും ധനമന്ത്രാലയം. ഇന്ത്യയും ഒരു അപവാദമല്ലെന്ന് ധനമന്ത്രാലയം അതിന്റെ ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ മഹാമാരി ഗുരുതരമായ തടസ്സങ്ങളുണ്ടാക്കിയെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2021 ഒരു മോശം വര്‍ഷമാണ്. 2019 ലെ ഉല്‍പാദന നിലവാരം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതായും മന്ത്രാലയം പറഞ്ഞു.

എല്ലാ യുഎന്‍ അംഗരാജ്യങ്ങളും 2015ല്‍ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കലും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ലിംഗസമത്വവും ഉറപ്പാക്കലും ഉള്‍പ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും സമൃദ്ധിയുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനിടയില്‍, ദാരിദ്ര്യവും മറ്റ് ദൗര്‍ലഭ്യങ്ങളും അവസാനിപ്പിക്കുന്നതിനും ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങളുമായി കൈകോര്‍ക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ തലത്തില്‍, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ പിന്നിട്ടിരിക്കുന്നു. 2030-ഓടെ ഇത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് അതിന്റെ ഏറ്റവും പുതിയ പ്രവചനത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.5% വളര്‍ച്ച പ്രവചിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Author

Related Articles