News

ലോക്ക്ഡൗണില്‍ റെക്കോഡ് വില്പനയുമായി പാര്‍ലെ-ജി ബിസ്‌ക്കറ്റ്

83 വര്‍ഷം നീണ്ട പ്രവര്‍ത്തന ചരിത്രമുള്ള പാര്‍ലെ-ജി ബിസ്‌ക്കറ്റ് കമ്പനി ലോക്ക്ഡൗണില്‍ റെക്കോഡ് വില്പനയുമായി മുന്നേറി. നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി സ്വന്തം നാടിനെ ലക്ഷ്യമാക്കി നീങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ കയ്യിലെല്ലാം പാര്‍ലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. പലരും വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചപ്പോള്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചാക്കുകണക്കിനാണ് വിതരണം ചെയ്തത്.  

80 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്‌കറ്റുകള്‍ വിറ്റഴിച്ചതെന്ന് പാര്‍ലെ പ്രൊഡക്ട്സ് സാക്ഷ്യപ്പെടുത്തുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് റെക്കോഡ് വില്പന രേഖപ്പെടുത്തിയത്. വില്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വില്പനയാണ് ഈ കാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.

വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ് കമ്പനിരേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90ശതമാനംവിഹിതവും പാര്‍ലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. ലോക്ക്ഡൗണില്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമുള്‍പ്പടെയുള്ളവ നല്‍കിയത് ഉത്പാദനംവര്‍ധിപ്പിക്കാന്‍ സഹായിച്ചു.

കഴിഞ്ഞ 24മാസമായി ഗ്രാമീണമേഖലയില്‍ വിതരണശൃംഖല വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ ഗുണകരമായതായി പാര്‍ലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയന്‍ക് ഷാ പറയുന്നു. പാര്‍ലെയ്ക്കു പുറമെ, ബ്രിട്ടാനിയയുടെ ഗുഡ് ഡെ, ടൈഗര്‍, മില്‍ക്ക് ബിക്കീസ്, ബോര്‍ബോണ്‍, മാരി, പാര്‍ലെയുടെ ക്രാക്ജാക്ക്, മാരികോ, ഹൈഡ് ആന്‍ഡ് സീക് എന്നിവയുടെ വില്പനയിലും കാര്യമായ വര്‍ധനവുണ്ടായി.

Author

Related Articles