News

പൊറോട്ട റൊട്ടിയല്ല; ജിഎസ്ടി 18 ശതമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം; 'ഫുഡ് ഫാസിസം' സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തുന്നു

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പൊറോട്ട റൊട്ടിയല്ലാത്തതിനാല്‍ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്.

റെഡി-ടു-കുക്ക് വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇഡലി, ദോശ, പൊറോട്ട, തൈര്, പനീര്‍ തുടങ്ങിയ വിഭവങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാര്‍ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചു ശതമാനം ജിഎസ്ടിയാണ് വേണ്ടതെന്നാണ് ഇവരുടെ നിലപാട്. പൊറോട്ടയ്ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തില്‍നിന്നുള്ളവര്‍ 'ഫുഡ് ഫാസിസം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പൊറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്ന് ഇവര്‍ വാദിക്കുന്നു.

Author

Related Articles