News

പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ; 43 ശതമാനം വര്‍ധന

പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. 2022 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതി 43 ശതമാനത്തോളമാണ് വര്‍ധിച്ചത്. എസ്ഐഎഎമ്മിന്റെ കണക്കുകള്‍ പ്രകാരം വിവിധ രാജ്യങ്ങളിലേക്ക് 2.3 ലക്ഷത്തിലധികം യൂണിറ്റുകള്‍ അയച്ച മാരുതി സുസുകിയാണ് കയറ്റുമതിയില്‍ മുന്നിലുള്ളത്. മൊത്തത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ 4,04,397 യൂണിറ്റിനേക്കാള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 5,77,875 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്.

പാസഞ്ചര്‍ കാര്‍ കയറ്റുമതി 42 ശതമാനം വളര്‍ച്ച നേടി 3,74,986 യൂണിറ്റിലെത്തി. അതേസമയം യൂട്ടിലിറ്റി വാഹന കയറ്റുമതി 46 ശതമാനം ഉയര്‍ന്ന് 2,01,036 യൂണിറ്റിലെത്തി. വാനുകളുടെ കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,648 യൂണിറ്റില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,853 യൂണിറ്റായി ഉയര്‍ന്നു. മാരുതിക്ക് പിന്നാലെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ ഇന്ത്യ എന്നിവയാണ് കയറ്റുമതിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,35,670 പാസഞ്ചര്‍ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 94,938 യൂണിറ്റുകളെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണിത്. മാരുതിയുടെ കയറ്റുമതി വിപണികളില്‍ ലാറ്റിന്‍ അമേരിക്ക, ആസിയാന്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, അയല്‍ പ്രദേശങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. അതിന്റെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളില്‍ ബലേനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയും ഉള്‍പ്പെടുന്നു.

2020-21ലെ 1,04,342 യൂണിറ്റില്‍നിന്ന് 24 ശതമാനം വര്‍ധനവോടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വിദേശ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,29,260 യൂണിറ്റായി ഉയര്‍ന്നു. അതുപോലെ, അവലോകന കാലയളവില്‍ ആഗോള വിപണികളിലുടനീളം കിയ ഇന്ത്യ 50,864 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2020-21 ല്‍ ഇത് 40,458 യൂണിറ്റായിരുന്നു. 21 സാമ്പത്തിക വര്‍ഷത്തിലെ 31,089 യൂണിറ്റുകളെ അപേക്ഷിച്ച് 2222ല്‍ 43,033 യൂണിറ്റുകളാണ് ഫോക്‌സ്വാഗണ്‍ കയറ്റുമതി ചെയ്തത്. റെനോ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,117 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഹോണ്ട കാറുകള്‍ 19,323 യൂണിറ്റുകള്‍ കയറ്റി അയച്ചു.

Author

Related Articles