News

ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 5 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത്തവണ വില്‍പ്പന 4.87 ശതമാനം ഇടിഞ്ഞ് 2,71,358  യൂണിറ്റിലെത്തി. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ചിലെ പ്രൈവറ്റ് വാഹന വില്‍പ്പന 2,85,240 യൂണിറ്റായിരുന്നു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിതരണം അല്‍പം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ചിപ്പുകളുടെ ലഭ്യത കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. വാഹനങ്ങളുടെ ഉയര്‍ന്ന ഡിമാന്റിനോടൊപ്പം കാത്തിരിപ്പും തുടരുന്നതായി എഫ്എഡിഎ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണും ചിപ്പ് വിതരണത്തെ കൂടുതല്‍ തടസ്സപ്പെടുത്തി. ഇത് വാഹന വിതരണത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 12,06,191 യൂണിറ്റായിരുന്ന ഇരുചക്രവാഹന വില്‍പ്പന, ഈ വര്‍ഷം 4.02 ശതമാനം ഇടിഞ്ഞ് 11,57,681 യൂണിറ്റിലെത്തി. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞു. വര്‍ദ്ധിച്ച ഇന്ധനവിലയും ഒപ്പം വാഹന ഉടമകളുടെ ചെലവ് വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്ന് ഗുലാത്തി പറഞ്ഞു. വാണിജ്യ വാഹന വില്‍പ്പന 14.91 ശതമാനം ഉയര്‍ന്ന് 77,938 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 67,828 യൂണിറ്റായിരുന്നു. 2021 മാര്‍ച്ചിലെ 38,135 യൂണിറ്റുകളെ അപേക്ഷിച്ച് മുച്ചക്ര വാഹന വില്‍പ്പന 26.61 ശതമാനം ഉയര്‍ന്ന് 48,284 യൂണിറ്റിലെത്തി. എന്നാല്‍, മൊത്ത വില്‍പ്പന 16,66,996 യൂണിറ്റുകളില്‍ നിന്ന്, 2.87 ശതമാനം ഇടിഞ്ഞ് 16,19,181 യൂണിറ്റിലെത്തി.

Author

Related Articles