News

പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു

ന്യൂഡല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഒരു സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു. കമ്പനി 10 വര്‍ഷത്തിനുള്ളില്‍ 950 കോടി രൂപ ഇതില്‍ നിക്ഷേപിക്കും. സംയുക്ത സംരംഭമായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (പിജിഐഎല്‍) സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മെയ് 20 ന് ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു.

തുടക്കത്തില്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പേടിഎം ജനറല്‍ ഇന്‍ഷുറന്‍സില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും, ബാക്കി 51 ശതമാനം ഓഹരികള്‍ വണ്‍97 ന്റെ മാനേജിംഗ് ഡയറക്ടര്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വിഎസ്എസ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഢഒജഘ) ഉടമസ്ഥതയിലായിരിക്കും. നിക്ഷേപത്തിനു ശേഷം, ജനറല്‍ ഇന്‍ഷുറന്‍സില്‍ പേടിഎം 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും, കമ്പനിയിലെ വിഎച്ച്പിഎല്ലിന്റെ ഓഹരി 26 ശതമാനമായി കുറയുകയും ചെയ്യും.

റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഇടപാട് നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് പേടിഎം ബോര്‍ഡിന്റെ ഈ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് വിജയ് ശേഖര്‍ ശര്‍മ്മയെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിച്ചതായി വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. കമ്പനിയുടെ ഗ്രൂപ്പ് സിഎഫ്ഒയും പ്രസിഡന്റുമായ മധുര്‍ ദേവ്‌റയെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുഴുവന്‍ സമയ ഡയറക്ടറായും നിയമിച്ചു.

Author

Related Articles