News

പേടിഎം ഐപിഒ പാളി, വിപണി മൂല്യം കുത്തനെ താഴേക്ക്; വിജയ് ശേഖര്‍ ശര്‍മയുടെ ആസ്തിയില്‍ വന്‍ ഇടിവ്

പേടിഎം ഐപിഒ പാളിയതോടെ പേടിഎം വിപണി മൂല്യം കുത്തനെ ഇടിഞ്ഞു. രണ്ട് ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 90 കോടി ഡോളര്‍ ആണ്. വിജയ് ശേഖര്‍ ശര്‍മയുടെ മൊത്തം സമ്പത്തും കുത്തനെ ഇടിഞ്ഞു. 1 ലക്ഷം കോടി ഡോളറിന് മുകളില്‍ മൂല്യം ഉണ്ടായിരുന്നു പേടിഎമ്മിന്റെ മൂല്യം ഇപ്പോള്‍ ഇതിലും താഴെയാണ്. പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍ ഓഹരി വില്‍പ്പന പാളിയതിനാല്‍ കനത്ത ഇടിവ് നേരിടുകയാണ്.

ഐപിഒക്ക് മുമ്പ്, സ്ഥാപനത്തില്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ ഓഹരികളുടെ മൂല്യം 230 കോടി ഡോളറായിരുന്നു. 2000-ല്‍ കമ്പനി സ്ഥാപിച്ച ശര്‍മ്മയ്ക്ക് പേടിഎമ്മില്‍ 9.1 ശതമാനം ഓഹരികളുണ്ട്. ഏകദേശം ആറ് കോടി ഷെയറുകള്‍ ആണ് കൈവശമുള്ളതെന്നാണ് സൂചന. ഇന്നലെ 12.70 ശതമാനം വരെ പേടിഎം ഓഹരികള്‍ ഇടിഞ്ഞു. 50,000 കോടിയിലധികം വിപണി മൂല്യം ഇടിഞ്ഞതോടെ പേടിഎമ്മിന് കഴിഞ്ഞ രണ്ട് സെഷനുകളിലായി ഏകദേശം 36.27 ശതമാനം നഷ്ടമാണ് സംഭവിച്ചത്.

കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും നഷ്ടത്തിലുള്ള കമ്പനിയുടെ ലാഭസാധ്യതയെ അത് ബാധിക്കുമെന്നുമുള്ള വിലയിരുത്തലും ഓഹരിയില്‍ പ്രതിഫലിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ പരാജയപ്പെട്ടത് നിക്ഷേപകര്‍ക്കും നിരാശയായി. പേടിഎമ്മിന്റെ പ്രതിമാസ ഉപയോക്താക്കള്‍ 2021 ഒക്ടോബറില്‍ 35 ശതമാനം വര്‍ദ്ധിച്ച് 63 ദശലക്ഷമായി. 2020 ഒക്ടോബറില്‍ 47 ദശലക്ഷം പ്രതിമാസ ഉപയോക്താക്കള്‍ ആയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന പാദത്തിലെ ശരാശരി പ്രതിമാസ സജീവ ഉപയോക്താക്കള്‍ 57 ദശലക്ഷമാണ്.

Author

Related Articles