News

പേടിഎം ഐപിഒ: ഓഹരി ഉടമകളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി, ഡിജിറ്റല്‍ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് പേടിഎം ഓഹരി ഉടമകളുടെ യോഗം വിളിച്ചു. മൊത്തം 1.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയ്ക്ക് അംഗീകാരം നേടുന്നതിനായി ജൂലൈ 12ന് ന്യൂഡല്‍ഹിയിലാണ് ഓഹരി ഉടമയകളുടെ അസാധാരണ യോഗം നടക്കുന്നത്. 120 ബില്യണ്‍ രൂപ (1.61 ബില്യണ്‍ ഡോളര്‍) പുതിയ ഷെയറുകളില്‍ വില്‍ക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നും ഓവര്‍ അലോട്ട്‌മെന്റിന് ഒരു ശതമാനം സാധ്യതയുള്ളതായും കമ്പനി അറിയിച്ചു.   

ഐപിഒയില്‍ മൊത്തം 3 ബില്യണ്‍ ഡോളര്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതിയാണ് പേടിഎം തയാറാക്കിയിട്ടുള്ളത്. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ബെര്‍ക്ഷയര്‍ ഹാത്വേ ഇങ്ക്, ആന്റ് ഗ്രൂപ്പ് കോ എന്നിവ ഉള്‍പ്പെടുന്നതാണ് പേടിഎമ്മിന്റെ നിലവിലെ ഓഹരിഉടമകള്‍. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ഏകദേശം 4 ബില്യണ്‍ ഡോളര്‍ ഐപിഒകളിലൂടെ സമാഹരിച്ചു. 2018 ന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഐപിഒ വിപണിയുടെ ഏറ്റവും മികച്ച തുടക്കമാണിതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഈ മാസം ആദ്യം, പേടിഎം അതിന്റെ ജീവനക്കാരോട് പൊതു ഓഫറിന്റെ ഭാഗമായി സ്റ്റോക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഔദ്യോഗികമായി അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനി പ്രോസ്‌പെക്ടസ് അന്തിമമാക്കുന്നതിന് മുമ്പായി ഇത് ആവശ്യമാണ്. ജൂലൈ ആദ്യം പ്രോസ്‌പെക്റ്റസ് റെഗുലേറ്ററിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

കമ്പനിയുടെ ''പ്രൊമോട്ടര്‍'' എന്ന പദവിയില്‍ നിന്ന് സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയുടെ പേര് നീക്കംചെയ്യാനും പേടിഎം നിര്‍ദ്ദേശിക്കും. ഇത് ചട്ടപ്രകാരം അദ്ദേഹത്തിനുള്ള ഉത്തരവാദിത്തങ്ങളും ബാധ്യതകളും ലഘൂകരിക്കുന്നതിന് സഹായിക്കും. കമ്പനിയില്‍ 15 ശതമാനം ഓഹരി മാത്രമാണ് ഇപ്പോള്‍ ശര്‍മയുടെ കൈവശമുള്ളത്. ഐപിഒയ്ക്കായി ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളെ പേടിഎം നിയമിച്ചിട്ടുണ്ട്.

Author

Related Articles