News

കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി പേടിഎം

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം. വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങി വിവിധ സേവനദാതാക്കളുടെ പേരുകളിലുള്ള 2.8 കോടി കാര്‍ഡുകളെ ഇതിനോടകം ടോക്കണ്‍ സമ്പ്രദായത്തിന്റെ കീഴിലാക്കി. ജൂണ്‍ 30ഓടേ സേവ് ചെയ്ത് വച്ചിരിക്കുന്ന ഈ കാര്‍ഡുകളിലെ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കാനാണ് റിസര്‍വ് ബാങ്ക് ടോക്കണൈസേഷന്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ സേവ് ചെയ്യുന്നതിന് പകരം സമാനതകളില്ലാത്ത ബദല്‍ കോഡ് നമ്പര്‍ നല്‍കി  സുരക്ഷിതമായി ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കണൈസേഷന്‍. ടോക്കണ്‍ എന്ന പേരിലാണ് ഇവിടെ കോഡ് അറിയപ്പെടുന്നത്. പേടിഎം ആപ്പ് വഴി മാസംതോറും നടത്തുന്ന ഇടപാടുകളില്‍ 80 ശതമാനം ആക്ടീവ് കാര്‍ഡുകളും ടോക്കണൈസേഷന് വിധേയമായതായി സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു.  ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കി ഇടപാട് നടത്തുന്നതിന് പകരം ടോക്കണ്‍ നല്‍കി പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലും ക്യൂആര്‍ കോഡ് സംവിധാനത്തിലും പണമിടപാട്  സാധ്യമാക്കുന്നതാണ് പുതിയ രീതി. എല്ലാ പണമിടപാട് സംവിധാനത്തിലും ടോക്കണൈസ്ഡ് കാര്‍ഡ് സേവനം ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജൂണ്‍ 30നകം ടോക്കണൈസേഷന്‍ പൂര്‍ത്തിയാക്കാനാണ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

News Desk
Author

Related Articles