News

കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി കേന്ദ്രവും കേരളവും; എട്ട് കോടി കർഷകർക്ക് ആശ്വാസവുമായി പ്രധാനമന്ത്രി കിസാൻ പദ്ധതി; ലഭിച്ചത് 2,000 രൂപ വീതം; അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ച് കേരളം; 6100 രൂപ അക്കൗണ്ടിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ എട്ട് കോടിയോളം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ആനുകൂല്യം. മാർച്ച് 24 മുതൽ ഇതുവരെ രാജ്യത്തെ 7.92 കോടി കർഷകർക്ക് 15,841 കോടിയാണ് വിതരണം ചെയ്തത്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ പ്രതിവർഷം ആറായിരം രൂപ മൂന്ന് തുല്യ തവണകളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണ് ഇത്.

കേന്ദ്ര കാർഷിക മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലാവുന്നവരെ സഹായിക്കാനായി ഏപ്രിൽ ആദ്യ വാരം മുതൽ പിഎം കിസാൻ പദ്ധതിയുടെ ആദ്യ ​ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിക്കുമെന്ന് മാർച്ച് 27 നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യം മുഴുവൻ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ 200 ലധികം രാഷ്ട്രങ്ങളെ കൊവിഡ് വൈറസ് ബാധ ഇതിനോടകം ബാധിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിൽ അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിത്തും. 2019 ഡിസംബർ മുതൽ ഈ മാസം വരെയുള്ള അഞ്ച് മാസത്തെ ക്ഷേമ പെൻഷനായ 6100 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങിയത്. സഹകരണ ബാങ്ക് വഴിയുള്ള വിതരണം ഇപ്പോൾ തുടരുകയാണ്. മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറുന്നത് ഇന്നു പൂർത്തിയാകുമെന്നു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.

പെൻഷൻ തുക പിൻവലിക്കാനായി ബാങ്കിലെത്തേണ്ട ആവശ്യമില്ല. പോസ്റ്റ് ഓഫിസിൽ വിളിച്ചു പറഞ്ഞാൽ പോസ്റ്റ്മാൻ വീട്ടിലെത്തിക്കും. ബാങ്ക് അക്കൗണ്ടുമായും ആധാറുമായും ഫോൺ നമ്പർ ബന്ധിപ്പിച്ചിരിക്കുന്നവർക്കാണ് ഈ സൗകര്യം. പോസ്റ്റ് ഓഫിസുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകളോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള എസ്‌ബിഐക്ക് കത്തു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Author

Related Articles