News

വര്‍ക് ഫ്രം ഹോം സ്ഥിരമാക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് സത്യ നാദെല്ല

വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നു. കോവിഡ് ഭീതി ഒഴിഞ്ഞാലും 'വര്‍ക് ഫ്രം ഹോം' തുടരുമെന്ന് പറയുന്നു. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യല്‍ സ്ഥിരമാക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.

വീഡിയോ കോളുകള്‍ നേരിട്ടുള്ള മീറ്റിംഗുകള്‍ക്ക് പകരമാകില്ലെന്നും വര്‍ക് ഫ്രം ഹോം സാമൂഹിക ഇടപെടലിനുള്ള അവസരം ഇല്ലാതാക്കുന്നതിനാല്‍ ഇത് മാനസിക ആരോഗ്യത്ത ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ''ഒരു മീറ്റിംഗിനായി നടക്കുമ്പോള്‍ നാം കൂടെയുള്ളവരോട് രണ്ട് മിനിറ്റ് സംസാരിക്കുന്നു. അതുകഴിഞ്ഞും സംസാരിക്കുന്നു. ഇതൊക്കെയാണ് വെര്‍ച്വല്‍ മീറ്റിംഗില്‍ ഇല്ലാതാകുന്നത്.'' അദ്ദേഹം പറയുന്നു.

മൈക്രോസോഫ്റ്റ് ഒക്ടോബര്‍ വരെ വര്‍ക് ഫ്രം ഹോം നയം നീട്ടിയിട്ടുണ്ട്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നാദെല്ല ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.

തങ്ങളുടെ കാര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളിലായി തെളിയിച്ചിരിക്കുകയാണെന്നാണ് ട്വിറ്റര്‍ ഈയിടെ പറഞ്ഞത്. ''അതുകൊണ്ട് ഞങ്ങളുടെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യത്തിലാണെങ്കില്‍, അവര്‍ അത് എന്നന്നേക്കുമായി തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളത് നടപ്പാക്കും.'' എന്നാല്‍ ഓഫീസിലേക്ക് വരാന്‍ അതിയായ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും സ്വാഗതം, കൂടുതല്‍ മുന്‍കരുതലോടെ. ആപ്പിളും ഗൂഗിളും തങ്ങളുടെ ജീവനക്കാരെ 2020 അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.

News Desk
Author

Related Articles