News

ഐടി, ബിപിഒ ജീവനക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ എവിടെ ഇരുന്നും ജോലി ചെയ്യാം; പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്

ഐടി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബിപിഒ) ജോലിക്കാര്‍ക്ക് ഇന്ത്യയില്‍ എവിടെ ഇരുന്നും ജോലി ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. ബിപിഒ, കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്‌സിംഗ്), ഐടി-ഇഎസ്, കോള്‍ സെന്റര്‍ ജോലികള്‍ തുടങ്ങിയവയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ഐടി വ്യവസായത്തിന് ശക്തമായ പ്രചോദനം നല്‍കുകയും ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിത ഐടി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്യുകയെന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ നിയമം കമ്പനികള്‍ക്ക് ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി അല്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയിരുന്നുമുള്ള ജോലി നയങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. കൊവിഡ് -19 വ്യാപനത്തോടെ ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഐടി, ബിപിഒ കമ്പനികളെ നിര്‍ബന്ധിതരാക്കിയ ഈ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്.

പുതിയ നിയമങ്ങള്‍ ഒഎസ്പികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആവശ്യകതകളെ ഇല്ലാതാക്കി. അതേസമയം ഡാറ്റയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിപിഒ വ്യവസായം ഈ നിയമ പരിധിയില്‍ നിന്ന് നീക്കം ചെയ്തു. കമ്പനികള്‍ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം നയങ്ങളില്‍ നിന്നും തടയുന്ന നിരവധി ആവശ്യകതകള്‍ സര്‍ക്കാര്‍ പുതിയ നയ പ്രകാരം നീക്കം ചെയ്തു. വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ട് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ഈ പരിഷ്‌കരണത്തോടെ, രാജ്യത്തെ ഐടി നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഐടി വ്യവസായത്തിന് പിന്തുണ നല്‍കുന്നതിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്. മറ്റ് സേവന ദാതാക്കളുടെ നിയന്ത്രണ സംവിധാനത്തെ ലളിതമാക്കുന്നതിന് ഒരു വലിയ പരിഷ്‌കരണമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ഐടി, ഐടിഇഎസ്, ബിപിഒ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

News Desk
Author

Related Articles