News

അരാംകോ ആക്രമണം; എണ്ണ വിതരണം മുടങ്ങില്ലെന്ന് ഇന്ത്യക്ക് സൗദിയുടെ ഉറപ്പ്; എണ്ണച്ചിലവ് അധികരിച്ചാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയായ അരാംകോയ്ക്ക് നേരെ ഹൂതി വിമര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ വലിയ ആശയകുഴപ്പത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകില്ലെന്നാണ് സൗദി ഭരണകൂടം കേന്ദ്ര പെട്രോളിയം, പ്രകൃതി വാതകം മന്ത്രാലയങ്ങള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. അതേസമയം ആഗോള തലത്തിലെ എണ്ണ വില സൂക്ഷ്മമായി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും, സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രാലയം അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ എണ്ണ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് വന്നതിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവരുമെന്നും, അന്താരാഷ്ട്ര എണ്ണ വിപണന രംഗത്ത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സൗദി അരാംകോ അധികൃതരുമായി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ചര്‍ച്ച നടത്തിനുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

ആഗോള ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 20 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ബാരലിന് 100 ഡോളര്‍ വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ എണ്ണ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പണപ്പെരുപ്പം നാല് ശതമാനമാക്കി പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടിലാകും. 

എന്നാല്‍ ഡോണ്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എണ്ണ ഉത്പ്പാദനം വീണ്ടും കുറച്ചേക്കുമെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും വലി എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ ഹിജ്‌റ ഖുറൈസ്, അബ്‌ഖൈക് എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നിട്ടുള്ളത്. പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാന്‍ ശേഷിയുള്ള 1200 കിലമോറ്റീര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്. 

Author

Related Articles