News

പിഎഫ് പലിശയ്ക്ക് നികുതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; പണി കിട്ടുന്നതാര്‍ക്ക്?

പ്രോവിഡന്റ് ഫണ്ടിലെ (പിഎഫ്) പലിശയ്ക്ക് നികുതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാര്‍ഷിക പിഎഫ് നിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ കിട്ടുന്ന പലിശയില്‍ സര്‍ക്കാര്‍ നികുതി പിടിക്കും. കേന്ദ്രം എന്തുകൊണ്ടാകാം ഈ തീരുമാനമെടുത്തതെന്ന് എന്ന് നോക്കാം. ഇതിന് പിന്നില്‍ കൃത്യമായ ഉദ്ദേശ്യം ധനമന്ത്രാലയത്തിനുണ്ട്. രാജ്യത്തെ 99 ശതമാനം ശമ്പളക്കാരെയും പുതിയ പിഎഫ് നിയമം നേരിട്ട് ബാധിക്കില്ല. കാരണം വര്‍ഷത്തില്‍ രണ്ടരലക്ഷത്തിന് മുകളില്‍ പിഎഫ് നിക്ഷേപമുള്ളവര്‍ ഒരു ശതമാനത്തില്‍ത്താഴെ മാത്രമാണ്.

പിഎഫിനെ 'പൊന്‍മുട്ടയിടുന്ന താറാവാക്കി' മാറ്റിയ ഉയര്‍ന്ന വരുമാനമുള്ള ആളുകളെയാണ് ഈ നടപടി ബാധിക്കുക. കാരണം പിഎഫിലെ പലിശ വരുമാനത്തിന് നികുതിയില്ലെന്ന പഴുത് ഇക്കൂട്ടര്‍ ഇക്കാലമത്രയും മുതലെടുത്തു. കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വിവരം പ്രകാരം 2018-19 കാലഘട്ടത്തില്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന 1.23 ലക്ഷം ആളുകള്‍ ചേര്‍ന്ന് 62,500 കോടി രൂപയാണ് പിഎഫില്‍ നിക്ഷേപിച്ചത്. ഇക്കൂട്ടത്തില്‍ 103 കോടി രൂപ വരെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ച വ്യക്തികളുമുണ്ട്.

ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ആദ്യ 20 ആളുകളുടെ മൊത്തം പിഎഫ് തുക 825 കോടി രൂപ തൊടുന്നു. പട്ടികയിലെ ആദ്യ 100 ആളുകള്‍ കൂടി 2,000 കോടി രൂപയിലേറെയാണ് പിഎഫില്‍ നിക്ഷേപം നടത്തിയത്. 103 കോടി രൂപയാണ് പിഎഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നിക്ഷേപം. തൊട്ടുപിന്നില്‍ 86 കോടി രൂപയുള്ള അക്കൗണ്ടും കാണാം. നിലവില്‍ രാജ്യത്ത് 4.5 കോടി പിഎഫ് അക്കൗണ്ടുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 0.27 ശതമാനം അക്കൗണ്ടുകളില്‍ ശരാശരി വാര്‍ഷിക നിക്ഷേപം 5.92 കോടി രൂപയാണ്; അതായത് 0.27 ശതമാനം അക്കൗണ്ട് ഉടമകള്‍ പ്രതിവര്‍ഷം 50 ലക്ഷത്തിലധികം രൂപ നികുതിയില്ലാതെ പലിശ വരുമാനം നേടുന്നു.

നിലവില്‍ ഇരുപതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പ്രതിമാസം 15,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കെല്ലാം പിഎഫ് അക്കൗണ്ട് നിര്‍ബന്ധമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും ഡിഎയും ഇവരുടെ ശമ്പളത്തില്‍ നിന്നും പിഎഫിലേക്ക് പിടിക്കപ്പെടുന്നു. ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്ക് കമ്പനിയും 12 ശതമാനംതന്നെ സംഭാവന ചെയ്യും. കഴിഞ്ഞ ബജറ്റില്‍ പ്രോവിഡന്റ് ഫണ്ട്, ദേശീയ പെന്‍ഷന്‍ പദ്ധതി മുതലായ ക്ഷേമ പദ്ധതികളിലേക്കുള്ള ശമ്പളക്കാരുടെ സംഭാവന പ്രതിവര്‍ഷം 7.5 ലക്ഷം രൂപയായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വോളണ്ടറി സ്‌കീം പ്രകാരം ഇതില്‍ക്കൂടുതല്‍ തുക നിക്ഷേപിക്കാന്‍ അവസരം ലഭിച്ചു.

രാജ്യത്തെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിഭാഗമാണ് ഈ അവസരം മുതലെടുത്തത്. ചിലര്‍ പ്രതിമാസം 1 കോടി രൂപ വരെ പിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി ബജറ്റ് ദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും പിഎഫിനെ പൊന്‍മുട്ടയിടുന്ന താറാവായി കൊണ്ടുനടക്കാന്‍ ഇനി ആര്‍ക്കും സാധിക്കില്ല. പിഎഫിലെ വാര്‍ഷിക നിക്ഷേപം രണ്ടരലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ സര്‍ക്കാര്‍ നികുതി ഈടാക്കും.

Author

Related Articles