News

ഗൂഗിള്‍ പേയെ കടത്തിവെട്ടി ഫോണ്‍പെ; ഡിസംബറിലെ കണക്കില്‍ ഒന്നാമത്

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഗൂഗിളിന്റെ യുപിഐ ആപ്പ് ആയ ഗൂഗിള്‍ പേ. എന്നാല്‍ ഡിസംബറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഗൂഗിള്‍ പേയെ ഞെട്ടിച്ചിരിക്കുകയാണ് ഫോണ്‍പെ. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്ത് വിട്ട ഡിസംബറിലെ കണക്കില്‍ ഫോണ്‍പെ ആണ് ഒന്നാം സ്ഥാനത്ത്. യുപിഐ ഇടപാടുകളില്‍ ഫോണ്‍പെ വളര്‍ച്ച നേടിയപ്പോള്‍, ഗൂഗിള്‍ പേ കുത്തനെ താഴെ പോവുകയായിരുന്നു. വിശദാംശങ്ങള്‍...

നവംബര്‍ മാസത്തില്‍ ഫോണ്‍പെയിലൂടെ നടന്നത് മൊത്തം 868. ദശലക്ഷം ഇടപാടുകളാണ്. ഇതുവഴി കൈമാറ്റ് ചെയ്യപ്പെട്ടത് 1.75 ട്രില്യണ്‍ രൂപയും. ഇതൊരു ചെറിയ കണക്കല്ല. എന്നാല്‍ നംവബറില്‍, ഗൂഗിള്‍ പേ ആയിരുന്നു ഇക്കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡിസംബറില്‍ ഇടപാടുകളില്‍ 3.87 ശതമാനം വളര്‍ച്ചയും ഇടപാട് മൂല്യത്തില്‍ 3.8 ശതമാനം വളര്‍ച്ചയും ആണ് ഫോണ്‍പെ നേടിയത്. മൊത്തം ഇടപാടുകള്‍ 902.03 ദശലക്ഷം ആയി ഉയര്‍ന്നു. ഇടപാട് നടന്ന തുക 1.82 ട്രില്യണും ആയി!

നവംബറില്‍ ഗൂഗിള്‍ പേയിലൂടെ നടന്നത് 960.02 ദശലക്ഷം ഇടപാടുകള്‍ ആയിരുന്നു. ഇതുവഴി 1.61 ട്രില്യണ്‍ രൂപയും കൈമാറ്റ് ചെയ്യപ്പെട്ടിരുന്നു. ഇടപാടുകളുടെ കാര്യത്തില്‍ ഫോണ്‍പെയേക്കാള്‍ ഏറെ മുന്നിലായിരുന്നു അന്ന് ഗൂഗിള്‍ പേ. എന്നാല്‍ ഇടപാട് മൂല്യത്തിന്റെ കാര്യത്തില്‍ ഫോണ്‍പെ തന്നെ ആയിരുന്നു മുന്നില്‍.

ഡിസംബറിലെ കണക്ക് പുറത്ത് വന്നപ്പോള്‍ വന്‍ ഇടിവാണ് ഗൂഗിള്‍ പേയുടെ കാര്യത്തില്‍ സംഭവിച്ചത്. ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം തകര്‍ച്ചയാണ് ഡിസംബറില്‍ നേരിട്ടത്. 854.49 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേയിലൂടെ ഡിസംബറില്‍ നടന്നത്. മൊത്തം 1.76 ട്രില്യണ്‍ രൂപയുടെ കൈമാറ്റവും.

ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ക്കായി ഒരുപാട് ആപ്പുകള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ പേയും ഫോണ്‍പെയും ആണ് ഇതിലെ പ്രധാനികള്‍. ഡിസംബറില്‍ മൊത്തം നടന്നത് 2,234.16 ദശലക്ഷം യുപിഐ ഇടപാടുകളാണ്. ഇതില്‍ 76 ശതമാനവും ഫോണ്‍പെ, ഗൂഗിള്‍ പേ എന്നിവ വഴി ആയിരുന്നു. ഡിസംബറില്‍ യുപിഐ ഇടപാടുകളിലൂടെ എത്ര കോടി രൂപ കൈമാറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ? മൊത്തം 4,16,176.21 കോടി രൂപ! ഇതിന്റെ 86 ശതമാനം കൈമാറ്റവും നടന്നിരിക്കുന്നത് ഗൂഗിള്‍പേ വഴിയും ഫോണ്‍പെ വഴിയും ആണ്.

ആദ്യ രണ്ട് സ്ഥാനക്കാരേക്കാള്‍ ഏറെ പിറകിലാണ് മൂന്നാം സ്ഥാനക്കാരന്‍. പേടിഎം ബാങ്ക് ആണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. മൊത്തം 256.36 ദശലക്ഷം ഇടപാടുകളിലൂടെ 312.91 ബില്യണ്‍ രൂപയാണ് പേടിഎം ബാങ്ക് വഴി കൈമാറ്റ് ചെയ്യപ്പെടിട്ടുള്ളത്. ആമസോണിന്റെ കീഴിലുള്ള ആമസോണ്‍ പേ ആണ് ഇത്തവണ നാലാം സ്ഥാനത്ത് എത്തിയത്. 40.53 ദശലക്ഷം ഇടപാടുകളിലൂടെ 35.08 ബില്യണ്‍ രൂപയാണ് ആമസോണ്‍ പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭീം ആപ്പ് ആണ് അഞ്ചാമത്. 24.80 ദശലക്ഷം ഇടപാടുകളിലൂടെ 77.48 ബില്യണ്‍ രൂപ ഭീം ആപ്പ് വഴിയും കൈമാറ്റം ചെയ്യപ്പെട്ടു.

Author

Related Articles