News

മാന്ദ്യം പടര്‍ന്നതോടെ സംസ്ഥാന സര്‍ക്കാറും പ്രതിസന്ധിയില്‍; സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ അനേകര്‍ക്ക് ക്രിസ്തുമസ് പെന്‍ഷന്‍ കിട്ടിയില്ല; പെന്‍ഷന്‍ വിതരണവും അലങ്കോലമായി

തിരുവനന്തപുരം: സംസ്ഥന സര്‍ക്കാര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. രാജ്യത്താകമാനം പടര്‍ന്നുപിടിച്ച മാന്ദ്യം കേരളാ സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. ക്ഷേമ പെന്‍ഷനുകള്‍  വിതരണം ചെയ്യാനാവശ്യമായ മതിയായ ഫണ്ടില്ലാതെ വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലകപ്പെട്ടു. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ച് എല്ലാവരുടെയും കൈയടി നേടിയ പിണറായി സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ കഷ്ടകാലം. സംസ്ഥാനത്തെ 47 ലക്ഷത്തിലേറെ വരുന്ന സാമൂഹികക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, ക്രിസ്മസിനുമുമ്പ് പെന്‍ഷന്‍ കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ക്രിസ്മസ് കഴിഞ്ഞിട്ടും ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ടിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പുതുവത്സരത്തിനു മുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പെന്‍ഷന്‍ വാങ്ങുന്നവര്‍.

പെന്‍ഷന്‍ വിതരണംചെയ്യാനുള്ള ഉത്തരവ് 21-ന് ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു ധനകാര്യവകുപ്പിന്റെ മറുപടി. ധനകാര്യവകുപ്പാണ് ഫണ്ട് അനുവദിക്കേണ്ടതെന്നും മറ്റുവിവരങ്ങള്‍ അറിയില്ലെന്നുമാണ് തദ്ദേശവകുപ്പിന്റെ നിലപാട്. ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള തുകയാണ് അനുവദിച്ചു കൊണ്ട് 21ന് ഉത്തരവിറങ്ങിയത്. 1026 കോടിയാണ് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുക. ഇതനുസരിച്ച് 21 മുതല്‍ അക്കൗണ്ടില്‍ പണം വരേണ്ടതാണ്. എന്നാല്‍, ഈ തുക ലഭിക്കാതെ പോകുകയായിരുന്നു.

രണ്ടു മാസത്തെ പെന്‍ഷന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ധനവകുപ്പ് ഉത്തവിറക്കിയത്. ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് വീടുകളില്‍ എത്തിയുമാണ് പണം കൈമാറുകയായാണ് ചെയ്തിരുന്നത്. 535 കോടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുക. 491 കോടി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളിലെത്തിയും പണം കൈമാറും. എന്നാല്‍ ക്രിസ്തുമസിന് മുമ്പ് പണം വീട്ടിലെത്തിക്കാന്‍ സാധിക്കാത്തത് വീഴ്ച്ചയായി ചൂണ്ടിക്കാട്ടുന്നു.

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഗുണഭോക്താക്കള്‍ മിക്കവരും ധൃതിപിടിച്ച് മസ്റ്ററിങ് നടത്തിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ ഇതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടു നയിച്ചിരുന്ന പലരും ദുരിതത്തിലായി. പെന്‍ഷന്‍കൊണ്ടുമാത്രം ജീവിക്കുന്ന പാവങ്ങളെ സര്‍ക്കാര്‍ പെരുവഴിയിലാക്കി. ധനമന്ത്രിയുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തുന്നതുള്‍പ്പെടെ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുംമെന്ന് സാമൂഹിക സുരക്ഷാ പെന്‍ഷനേഴ്സ് യൂണിയനും പറഞ്ഞിട്ടുണ്ട്.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്ന നിലയില്‍ 4,54,922 പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. കൂടാതെ വാര്‍ധക്യകാല പെന്‍ഷന്‍ 24,36,342 പേരും വാങ്ങുന്നു. വികലാംഗ പെന്‍ഷന്‍ വാങ്ങുന്നത് 4,02,809 പേരാണ്. 50 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ 83,885 പേരും, വിധവാപെന്‍ഷന്‍ 13,41,198 പേരും വാങ്ങുന്നു. ആകെ 47,19,156 പേരാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത്.

അടുത്തിടെ സര്‍ക്കാര്‍ നടത്തിയ മസ്റ്ററിംഗിലൂടെ 47 ലക്ഷം പേരില്‍ നാലര ലക്ഷത്തോളം പേര്‍ അനര്‍ഹര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. പെന്‍ഷന്‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ 90% പേര്‍ പൂര്‍ത്തിയാക്കി. 7 ലക്ഷം പേരാണ് ഇനി മസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളത്. ഇതില്‍ രണ്ടര ലക്ഷം പേര്‍ ക്രിസ്മസിനു ശേഷം മസ്റ്റര്‍ ചെയ്യുമെന്നാണു കണക്കുകൂട്ടല്‍. ബാക്കി നാലര ലക്ഷം പേര്‍ ഇതുവരെ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്നെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇവരെ ഒഴിവാക്കുന്നതിലൂടെ 600 കോടിയോളം രൂപ പ്രതിവര്‍ഷം സര്‍ക്കാരിനു ലാഭിക്കാനാകും.

അനര്‍ഹരില്‍ പകുതിയും വിധവാ പെന്‍ഷന്‍കാരാണ്. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ പെന്‍ഷന്‍ വാങ്ങിയിരുന്നവരാണു ബാക്കി. പ്രതിമാസം 1200 രൂപയാണ് ഇപ്പോള്‍ പെന്‍ഷനായി നല്‍കുന്നത്. 3 മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു ക്രിസ്മസിനു മുന്‍പു നല്‍കേണ്ടതാണെങ്കിലും 2 മാസത്തേതു നല്‍കാനുള്ള സാമ്പത്തിക ശേഷിയെ സര്‍ക്കാറിനുള്ളൂ. എന്നിട്ടും ഈ പെന്‍ഷന്‍ വീട്ടില്‍ എത്തിക്കാനും സാധിച്ചില്ല. 

Author

Related Articles