News

ഡാനിഷ് കമ്പനികളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി

ബര്‍ലിന്‍: ഡെന്മാര്‍ക്കില്‍ നിന്നുള്ള കമ്പനികളെയും പെന്‍ഷന്‍ ഫണ്ടുകളെയും നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡെന്മാര്‍ക്കിലെത്തിയതായിരുന്നു മോദി. ഇന്ത്യയിലെ അടിസ്ഥാന വികസന മേഖലയിലും ഹരിത വ്യവസായത്തിലും ഡാനിഷ് കമ്പനികള്‍ക്ക് ഏറെ നിക്ഷേപ സാധ്യതയുണ്ടെന്ന് ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായും മോദി കൂടിക്കാഴ്ച നടത്തി.

ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനായി ഇന്ത്യന്‍ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ബര്‍ലിനില്‍ പറഞ്ഞു. കരുത്തോടെ മുന്നേറാനാണ് നമ്മുടെ തീരുമാനമെന്നും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്ഡമര്‍ പ്ലാറ്റ്‌സില്‍ നടന്ന പരിപാടിയില്‍ 1600ലധികം ഇന്ത്യക്കാര്‍ പങ്കെടുത്തു.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി ചര്‍ച്ച നടത്തി. യുക്രെയ്‌നിലെ അതിക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മോദിയും ഷോള്‍സും ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടു. ഇരുവരും പിന്നീട് സംയുക്തമായി മാധ്യമങ്ങളെ കണ്ടു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഒരു രാജ്യവും വിജയിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നതെന്ന് മോദി പറഞ്ഞു. എല്ലാവര്‍ക്കും നഷ്ടങ്ങളുണ്ടാകും. ദരിദ്ര, വികസ്വര രാഷ്ട്രങ്ങളില്‍ യുദ്ധത്തിന്റെ ആഘാതം വളരെ കൂടുതലായിരിക്കും. 'ആത്മനിര്‍ഭര്‍ ഭാരതി'ല്‍ പങ്കാളികളാകാന്‍ മോദി ജര്‍മനിയെ ക്ഷണിച്ചു. ഹരിത-സുസ്ഥിര വികസന മേഖലകളില്‍ സംയുക്ത പ്രസ്താവനയിലും ഒപ്പിട്ടു.

മോദിയുടെ സന്ദര്‍ശനത്തിനിടെ, ഇന്ത്യയും ജര്‍മനിയും കാലാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം രംഗത്തെ സഹകരണം വര്‍ധിപ്പിക്കാന്‍ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും പരിസ്ഥിതി മന്ത്രിമാരായ ഭൂപീന്ദര്‍ യാദവും സ്റ്റെഫി ലെംകെയുമാണ് വെര്‍ച്വലായി (ഓണ്‍ലൈന്‍ വഴി) പ്രസ്താവനയില്‍ ഒപ്പിട്ടത്. ഇന്തോ-ജര്‍മന്‍ ഹരിത ഹൈഡ്രജന്‍ കര്‍മ സേന രൂപവത്കരണത്തിനായുള്ള സംയുക്ത പ്രസ്താവനയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.

Author

Related Articles