News

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും; തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി; ശമ്പളം 30 ശതമാനം കുറവ് വരും; ലക്ഷ്യം 7900 കോടി രൂപ സമാഹരിക്കൽ

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്‌സഭാ, രാജ്യസഭാ എംപിമാർ അടക്കമുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. കോവിഡ് വിരുദ്ധ പോരാട്ടത്തിനായി ഫണ്ട് സമാഹരിക്കാൻ വേണ്ടിയാണ് സർക്കാർ തീരുമാനം. 7900 കോടി രൂപ സമാഹരിക്കാൻ വേണ്ടി എംപിമാരുടെ ശമ്പളത്തിൽ നിന്നും 30 ശതമാനമാണ് വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. ഇത് സംബന്ധിച്ച ഓർഡിനൻസ് പുറത്തിറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു.

ഈ ഏപ്രിൽ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിലാകും. ഒരു വർഷത്തേക്കാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954 ലെ മെമ്പേഴ്സ് ഒഫ് പാർലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ ശമ്പളത്തിൽ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് അതെന്നും ജാവേദ്കർ പറഞ്ഞു.

എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വർഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. എംപി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്ക് (2020-21, 2021-22)നിർത്തിവെക്കാനാണ് കാബിനെറ്റ് തീരുമാനിച്ചിരിക്കുന്ത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക. പത്ത് കോടി രൂപയാണ് കോവിഡ് ഫണ്ടിലേക്ക് എംപിമാർ നൽകുക. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം രണ്ട് വർഷത്തേക്ക് എംപി ഫണ്ട് വെട്ടിച്ചുരുക്കിയതിൽ എതിർപ്പുമായി കേരളത്തിലെ എംപിമാർ രംഗത്തെത്തി. എംപി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചു നടക്കുന്ന വികസന പദ്ധതികൾക്ക് അടക്കം പണം കിട്ടാത്ത അവസ്ഥ ഇനി ഉണ്ടാകുമെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നും കേരളാ എംപിമാർ ചോദിക്കുന്നു. നേരത്തെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 40-ാം വാർഷികദിനത്തോട് അനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. മുഖാവരണങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. അഞ്ച് നിർദ്ദേശങ്ങളും മോദി പാർട്ടി പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചു. രാജ്യത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത്. പാവപെട്ടവർക്ക് റേഷൻ എത്തിക്കാൻ ബിജെപി പ്രവർത്തകർ തയാറാകണം. ലോക്ക്ഡൗണിനെ തുടർന്നു യാത്രയ്ക്കു നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമീപത്തെ വീടുകളിൽ റേഷൻ എത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണം. ഇത്തരത്തിൽ പുറത്തിറങ്ങുന്‌പോൾ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മുഖാവരണം മറ്റുള്ളവർക്ക് വിതരണം ചെയ്യാനും പ്രവർത്തകർ തയാറാകണം. ബാങ്ക് ജീവനക്കാർ, പൊലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് നൽകണം. പിഎം ഫണ്ടിലേക്ക് പ്രവർത്തകർ സംഭാവന നൽണം. പൊതു ജനങ്ങളോടും പിഎം ഫണ്ടിലേക്ക് സംഭാവന നൽകാൻ പ്രവർത്തകർ അഭ്യർത്ഥിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Author

Related Articles