News

നിര്‍മ്മല സീതാരാമനുമായി തിരക്കിട്ട കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് തൊഴില്ലായ്മ വര്‍ധിച്ചതില്‍ ആശങ്കയറിയിച്ച് മോദി; വളര്‍ച്ചാ നിരക്ക് കൂട്ടുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രിക്ക് തിരക്കിട്ടൊരു യോഗമുണ്ടായിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. സ്വാഭാവികമായും രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില തന്നെയായിരുന്നു ചര്‍ച്ചാവിഷയം. വളര്‍ച്ചാനിരക്ക് എങ്ങനെ കൂട്ടാം, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം? ഇതാണ് നരേന്ദ്ര മോദിയെ അലട്ടുന്ന പ്രശ്നം.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന നിരവധി അവലോകന യോഗങ്ങളിലെ വിലയിരുത്തല്‍ നിര്‍മല സീതാരാമന്‍ മോദിയെ ധരിപ്പിച്ചു. ബാങ്കിങ്, എഫ്എംസിജി, ഓട്ടോ, റിയല്‍ എസ്റ്റേറ്റ്, ഉരുക്ക് മേഖലയിലെ വ്യവസായ പ്രമുഖരുമായാണ് ധനമന്ത്രി കഴിഞ്ഞാഴ്ച ചര്‍ച്ച നടത്തിയത്. ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിനിടെ സാമ്പത്തിക മാന്ദ്യം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ ആരായുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ വലിയ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തേടിയത്.

സമ്പദ് ഘടനയെ ഉഷാറാക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഒരുമാര്‍ഗ്ഗരേഖയാണ് അല്ലെങ്കില്‍ പാക്കേജാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രശ്നങ്ങളെല്ലാം ധനമന്ത്രിയെ ധരിപ്പിച്ചതായും നിര്‍ദ്ദേശങ്ങളോട് അനുകൂലമായാണ് അവര്‍ പ്രതികരിച്ചതെന്നും വ്യവസായ പ്രതിനിധികള്‍ പറയുന്നു.

ചിലയിനം ഓട്ടോമൊബൈലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യത ജിഎസ്ടി കൗണ്‍സില്‍ ആലോചിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കാന്‍ ലക്ഷ്യമിട്ട് കെട്ടിടനിര്‍മ്മാണത്തിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നല്‍കുന്ന സംവിധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതയും ആരായും. ആര്‍ബിഐ നിരക്കുകള്‍ വെട്ടിക്കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കൂട്ടാനുള്ള നടപടികളാണ് വേണ്ടതെന്ന് സിഐഐ കരുതുന്നു.

മാന്ദ്യവിരുദ്ധ പാക്കേജ്

വളര്‍ച്ചാനിരക്ക് ഉയര്‍ത്തുക എന്നതില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. നികുതി ഇളവുകള്‍ അടക്കമുള്ള മാന്ദ്യവിരുദ്ധ പാക്കേജ് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉയര്‍ന്ന ജിഎസ്ടി നിരക്ക്, കുറഞ്ഞ തൊഴില്‍ സൃഷ്ടി, തുടങ്ങിയവ അടക്കം പല ഘടകങ്ങളാണ് വളര്‍ച്ചയെ പുറകോട്ടടിക്കുന്നത്. വാഹന-റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍മല സീതാരാമന്‍ മുഖ്യമായി ചര്‍ച്ച ചെയ്തത്. വാഹന വിപണിയിലെ വില്‍പ്പന മാന്ദ്യം വലിയ പ്രശ്നം തന്നെ. 50 ലക്ഷത്തിന് മേല്‍ നികുതി വരുമാനമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ സര്‍ചാര്‍ജ് പിരിക്കുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടുകോടിയില്‍ അധികം വരുമാനമുണ്ടെങ്കില്‍ ഉയര്‍ന്ന സര്‍ചാര്‍ജ് കൊടുക്കണം. ലക്ഷാധിപതികളില്‍ നിന്ന് ഉയര്‍ന്ന സര്‍ചാര്‍ജ് പിരിക്കുന്നതിന്റെ ഫലമായി വിദേശ പോര്‍ട്ട്പോളിയോ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഓഹരി വിപണി കഴിഞ്ഞ രണ്ടാഴ്ച കീഴ്പോട്ട് പോയി. ഇക്കാര്യത്തിലുള്ള ആശങ്കയും ധനമന്ത്രി രേഖപ്പെടുത്തി.

തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക പ്രധാന ലക്ഷ്യം

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച തൊഴില്‍ നഷ്ടമാണ് പ്രധാനമന്ത്രിയെ അലട്ടുന്ന മുഖ്യവിഷയം. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായ മേഖലയ്ക്ക് നികുതി ഇളവുകള്‍, സബ്സിഡി, ആനുകൂല്യങ്ങള്‍ എന്നിവയടങ്ങുന്ന മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. വ്യവസായ മേഖലയുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം കച്ചവടം നടത്താനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും പാക്കേജില്‍ ശ്രമിക്കും.

സത്യസന്ധരായ നികുതിദായകരെ പീഡിപ്പിക്കുന്ന തരത്തിലാവരുത് പരിഷ്‌കാരങ്ങള്‍ എന്ന് മോദിക്ക് നിര്‍ബന്ധമുണ്ട്. നടപടിക്രമങ്ങള്‍ ചെറിയ തോതില്‍ തെറ്റിക്കുന്നവരെ അമിതമായി ശിക്ഷിക്കുന്നതും ശരിയല്ല. ഉപഭോക്താക്കളുടെ പക്കല്‍ കൂടുതല്‍ പണം എത്തിച്ച് ഉപഭോഗം കൂട്ടേണ്ടതും അത്യാവശ്യമാണ്. ചില ഉപഭോക്തൃ വസ്തുക്കളുടെ പരോക്ഷ നികുതി നിരക്കുകള്‍ കുറച്ച് വില കുറയ്ക്കാനും നടപടിയുണ്ടായേക്കും.

News Desk
Author

Related Articles