News

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി എന്‍ടിപിസി

ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, വന്‍ നിക്ഷേപത്തിന് തയാറെടുക്കുകാണ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ എന്‍ടിപിസി എന്ന് റിപ്പോര്‍ട്ട്. ഇതിന് ഫണ്ട് സമാഹരിക്കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷം ഒരു മെഗാ ഐപിഒ അവതരിപ്പിക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. രണ്ട് ലക്ഷം കോടി മുതല്‍ 2.5 ലക്ഷം കോടി വരെയുള്ള നിക്ഷേപം പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നടത്തുന്നതിനാണ് പദ്ധതി. ഇതിന്റെ നല്ലൊരു പങ്ക് ഓഹരി വിപണിയിലൂടെ പൊതുജനങ്ങളില്‍ സമാഹരിക്കാനാണ് ശ്രമം.   

പുനരുപയോഗ ഊര്‍ജ്ജ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ലക്ഷ്യം അടുത്തിടെ എന്‍ടിപിസി പുതുക്കിയിരുന്നു. നേരത്തേ 2032ഓടെ 30,000 മെഗാവാട്ട് ഉല്‍പ്പാദനം സാധ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 60,000 മെഗാവാട്ടാക്കി മാറ്റിയിട്ടുണ്ട്. അടുത്ത ദശകത്തില്‍ താപവൈദ്യുതിയുടെയും പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ വൈദ്യുതിയുടെയും അനുപാതം 50:50 ആക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കമ്പനിക്ക് 1500 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയുണ്ട്. 3,500 മെഗാവാട്ട് ഉല്‍പ്പാദന ശേഷി നിര്‍മാണ ഘട്ടത്തിലാണ്. 

ഏകദേശം 50,000 കോടി രൂപ വിപുലീകരണത്തിനായി ഓഹരികളില്‍ നിന്ന് സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗത്തിന്റെ ലിസ്റ്റിംഗിലൂടെ ഇതില്‍ ഏറിയ പങ്കും നേടാനാണ് കമ്പനി ശ്രമിക്കുന്നത്. വായ്പ, ബോണ്ട് മാര്‍ഗങ്ങളിലൂടെയായിരിക്കും ബാക്കി ഫണ്ട് കണ്ടെത്തുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എന്‍ടിപിസി പുനരുപയോഗ ഊര്‍ജ്ജ ബിസിനസ്സിനായി എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് എന്ന പേരില്‍ തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനി സ്ഥാപിച്ചത്.

Author

Related Articles