News

വിലസ്ഥിരതയും കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ 16 ഇനം വിളകള്‍ക്ക് തറവില നിര്‍ണയിച്ചു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കര്‍ഷകര്‍ക്കു വിലസ്ഥിരതയും കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ 16 ഇനം വിളകള്‍ക്ക് മന്ത്രിസഭ തറവില (അടിസ്ഥാന വില) നിര്‍ണയിച്ചു. നവംബര്‍ 1 മുതല്‍ നടപ്പാകും. വിപണി വില തറവിലയിലും താഴെയായാല്‍ തറവില നല്‍കി ഇവ സംഭരിക്കും. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കു കൈമാറും. ഓരോ വിളയുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20% കൂടി ചേര്‍ത്താണു തറവില നിര്‍ണയിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്ന് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴിയാണു കൃഷിവകുപ്പ് പച്ചക്കറി സംഭരിക്കുക. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കും. ആദ്യഘട്ടത്തില്‍ 550 വിപണികളിലൂടെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരാള്‍ക്ക് ഒരു സീസണില്‍ 15 ഏക്കറിലെ വിളവിനു മാത്രമാണു തറവില ലഭിക്കുക.

തറവിലയിലും താഴെ വിപണിവില പോയാല്‍ പ്രാഥമിക സംഘങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കും. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയര്‍മാനായും സമിതി രൂപീകരിക്കും. ഇതിനായി കര്‍ഷകര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

Author

Related Articles