News

പാചക വാതകവില കുത്തനെ കൂട്ടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദില്ലി:പാചകവാതക വില കുത്തനെ ഉയര്‍ത്തി കേന്ദ്രം. മെട്രോ നഗരങ്ങളില്‍ സബ്‌സിഡിയില്ലാത്ത പതിനാല് കിലോ ഗ്യാസിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ദില്ലിയില്‍ എല്‍പിജി സിലിണ്ടറിന് 144.50 രൂപ ഉയര്‍ന്ന് 858.50 രൂപയായി.മുംബൈയിലെ 14 കിലോ ഇന്‍ഡെയ്ന്‍ ഗ്യാസിന്റെ വില 829.50 രൂപയാണ്. 145 രൂപയാണ് മുംബൈയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയില്‍ വില 881.00 രൂപയാണ്, 147 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത്.

സബ്സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്ന് കമ്പനികള്‍ വിശദീകരിച്ചു. എല്ലാ മാസവും ഒന്നാം തീയതിയാണ് വിലയില്‍ മാറ്റം വരുത്താറുള്ളത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധനവ് നീട്ടിവെച്ചതെന്നാണ് സൂചന.

 

Author

Related Articles