News

കോടികള്‍ കൊയ്യുന്ന 'കാലാവസ്ഥാ പ്രവചനം'; സ്വകാര്യ കാലാവസ്ഥാ പ്രവചന കമ്പനികള്‍ക്ക് ഇന്ത്യയില്‍ 100 മില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റെന്ന് റിപ്പോര്‍ട്ട്; 2023ഓടെ 2.7 ബില്യണായി വളരുമെന്നും വിദഗ്ധര്‍

ഡല്‍ഹി: ലോകത്തെ സ്വകാര്യ കാലാവസ്ഥാ പ്രവചന കമ്പനികള്‍ക്ക് കോടികള്‍ കൊയ്യാന്‍ സാധിക്കുന്ന മാര്‍ക്കറ്റായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പല തരത്തിലുള്ള പ്രോജക്ടുകള്‍ക്കായി 100 മില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റാണ് ഇന്ത്യ ഇവര്‍ക്കിപ്പോള്‍. കൃഷി, ലോജിസ്റ്റിക്‌സ്, ഗതാഗതം എന്നീ മേഖലകളെ സഹായിക്കുന്നതിനായി ദി വെതര്‍ കമ്പനി അടക്കമുള്ള സ്വകാര്യം കാലാവസ്ഥാ പ്രവചന 'ടീമിനെ' രാജ്യം ആശ്രയിക്കുന്നുണ്ട്.

അമേരിക്കന്‍ ആസ്ഥാനമായ കമ്പനിയാണിത്. 2016ല്‍ ഇതിനെ ഐബിഎം ഏറ്റെടുക്കുകയും ചെയ്തു. 178 രാജ്യങ്ങളിലായി പ്രവര്‍ത്തനം നടത്തുന്ന കമ്പനി ഓരോ 15 മിനിട്ട് കൂടുമ്പോഴും കാലാവസ്ഥ സംബന്ധിച്ച് അപ്‌ഡേറ്റ് ഇറക്കുന്നുണ്ട്. കാര്‍ഷിക ആവശ്യത്തിനായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിന് നീതി ആയോഗുമായി യോജിച്ച് പ്രവര്‍ത്തിക്കാനും കമ്പനി ആരംഭിച്ചിരുന്നു. ഇതു വഴി കാലാവസ്ഥ അനുസരിച്ച് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും വിളകളുടെ കൃത്യമായ മേല്‍നോട്ടം മുതല്‍ കീടങ്ങളൂടെ ആക്രമണം വരെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് അറിയാനുള്ള പദ്ധതിയാണ് നടപ്പാക്കി വരുന്നത്.

2016 ആഗോള തലത്തില്‍ കാലാവസ്ഥാ പ്രവചനം എന്നത് 1.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മാര്‍ക്കറ്റായി കഴിഞ്ഞിരുന്നു. 2023 ഓടെ ഇത് 2.7 ബില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റായി മാറിയേക്കും. എന്നാല്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും സാങ്കേതിക പരമായും മറ്റും ഏറ്റവും നൂതന രീതികളാണ് കൈകൊണ്ടിരിക്കുന്നതെന്നും ഇന്ത്യ മിറ്റീരിയലോജിക്കല്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

Author

Related Articles