News

പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ശക്തമാക്കുമെന്ന് രാജ്‌നാഥ് സിങ്; സര്‍ക്കാര്‍ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത് പ്രതിരോധ മേഖലയ്ക്ക് ഊര്‍ജം പകരുമെന്നും പ്രതിരോധ മന്ത്രി

ഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാനുള്ള അവസരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കം പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. 

ഇതോടെ കൂടി പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍കുന്ന എല്ലാ ഘടകങ്ങളും ഇല്ലാതാകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തും എയ്റോ സ്പേയ്സ് രംഗത്തും കൂടി 1664 കോടി രൂപയുടെ വിദേശ നിക്ഷേപമാണുണ്ടായത്. 2018-19 വര്‍ഷത്തില്‍ പ്രതിരോധ രംഗത്തെ കയറ്റുമതി വരുമാനം 10,745 കോടിയായി ഉയര്‍ന്നു. 2017-18ല്‍ ഇത് 4682 കോടി രൂപയായിരുന്നു. മാത്രമല്ല പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നടപടികളെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കുള്ളത് പോലൊരു അയല്‍രാജ്യത്തെ മറ്റാര്‍ക്കും നല്‍ക്കരുതെന്ന് താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ പ്രതിഷേധമായി ഇന്ത്യയുടെ നയതന്ത്ര-വ്യാപാര ബന്ധം പാകിസ്ഥാന്‍ വിച്ഛേദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

Author

Related Articles