News

5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ബിപിസിഎല്‍

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ എണ്ണ-വാതകവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിക്ഷേപിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണകമ്പനിയായ ബിപിസിഎല്‍-ന്റെ ഓഹരി വില്‍പ്പന വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.

എണ്ണ ശുദ്ധീകരണമേഖല, പെട്രോ-കെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് പര്യവേക്ഷണം, തുടങ്ങിയ മേഖലകളിലൊക്കെയാണ് നിക്ഷേപങ്ങളുണ്ടാകുന്നത്. ഇതിനുപുറമെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, ജൈവ ഇന്ധനമേഖല എന്നിവയിലും കോര്‍പ്പറേഷന്റെ നിക്ഷേപം ഉണ്ടാകും. പ്രകൃതിവാതകം, പെട്രോകെമിക്കല്‍സ്, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, ബയോ ഇന്ധനങ്ങള്‍, എന്നിവയിലൊക്കെയുള്ള നിക്ഷേപങ്ങള്‍ ബിപിസിഎല്‍-ന്റെ വളര്‍ച്ചക്ക് വളരെ സഹായിക്കുമെന്ന് ബിപിസിഎല്‍ ചെയര്‍മാനും എംഡിയുമായ അരുണ്‍കുമാര്‍ സിന്‍ഹ പറഞ്ഞു. കോര്‍പ്പറേഷന്റെ വിപണന ശൃംഖല ഊര്‍ജ്ജിതമാക്കുകയും ചില്ലറ വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ 53 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതു മുഴുവന്‍ വിറ്റൊഴിയാനാണ് കേന്ദ്ര തീരുമാനം. പുതിയ ഉടമയ്ക്ക് ഇന്ത്യന്‍ റിഫൈനറി ശേഷിയുടെ 15.33 ശതമാനവും ഇന്ധന വിപണിയുടെ 22 ശതമാനവുമാണ് ബിപിസിഎല്ലിന്റെ ഓഹരി വാങ്ങുന്നതിലൂടെ സ്വന്തമാകുക. 18,652 പെട്രോള്‍ പമ്പുകളും 6,166 എല്‍.പി.ജി വിതരണ ഏജന്‍സികളും 61 വ്യോമ ഇന്ധന സ്റ്റേഷനുകളും ബിപിസിഎല്ലിനുണ്ട്.

News Desk
Author

Related Articles