News

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം ഉപേക്ഷിച്ചേക്കും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പൊതുമേഖല ബാങ്കുകളുടെ കുറഞ്ഞ മൂല്യനിര്‍ണ്ണയ സാധ്യതയും കൊവിഡ് -19 പ്രതിസന്ധിക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആസ്തികളില്‍ ഉണ്ടായ വര്‍ധനയുമാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍.

നിലവില്‍, നാല് പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്ക് വായ്പ, മാനേജ്‌മെന്റ് നഷ്ടപരിഹാരം, ഡയറക്ടര്‍മാരുടെ ഫീസ് എന്നിവ ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങളാണ് ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍, ഈ ബാങ്കുകളുടെ ഓഹരി വില്‍പ്പനയെ സംബന്ധിച്ച് സര്‍ക്കാര്‍ താല്‍പര്യം കാണിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍. ഓഹരി വില്‍പ്പനയ്ക്കായി പരിഗണിച്ചാലും, സ്വകാര്യ ബാങ്കിങ് രം?ഗത്ത് നിന്ന് ഈ ബാങ്കുകളിലേക്ക് ആവശ്യക്കാര്‍ കുറവായിരിക്കുമെന്നാണ് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് വ്യക്തമാക്കുന്നത്.

മൂല്യനിര്‍ണയം വളരെ പ്രശ്‌നത്തിലായതിനാല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഏതെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ ഓഹരി ദുര്‍ബലപ്പെടുത്തുന്നതിനായി പോയിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചില പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 75 ശതമാനം പിന്നിട്ടിരിക്കുന്നു. നിയന്ത്രണ അനുപാതങ്ങള്‍ക്ക് വളരെ മുകളിലാണിത്.

കൊവിഡ് -19 പകര്‍ച്ചവ്യാധി പൊതുമേഖല ബാങ്കുകളുടെ വീണ്ടെടുക്കല്‍ പ്രക്രിയയെ മാത്രമല്ല, സ്വകാര്യമേഖല ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഇതിനാല്‍ തന്നെ നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനയ്‌ക്കോ സ്വകാര്യവത്കരണത്തിനോ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles