News

റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു; പീയൂഷ് ഗോയലിന്റെ ഇടപെടല്‍ വിപണിയെ ബാധിച്ചു

നിര്‍മ്മാതാക്കളോട് വില കുറയ്ക്കാനും ന്യായമായ വിലയ്ക്ക് വില്‍പ്പന നടത്താനും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച ഇടിഞ്ഞു. ഗോദ്റെജ് പ്രോപ്പര്‍ട്ടി (4.12 ശതമാനം ഇടിവ്), സണ്‍ടെക് റിയല്‍റ്റി (1.88 ശതമാനം ഇടിവ്), ഫീനിക്‌സ് മില്‍സ് (1.81 ശതമാനം ഇടിവ്), ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് (1.41 ശതമാനം ഇടിവ്), സോബ (0.86 ശതമാനം ഇടിവ്), ഡിഎല്‍എഫ് (0.13 ശതമാനം ഇടിവ്) എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റി റിയല്‍റ്റി സൂചിക 1.72 ശതമാനം ഇടിഞ്ഞ് 197.40 ല്‍ എത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ കാലാവധി സര്‍ക്കാര്‍ ആറ് മാസത്തേയ്ക്ക് നീട്ടിയിട്ടുണ്ട്. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ലിങ്ക് സബ്‌സിഡി സ്‌കീമും 2021 മാര്‍ച്ച് വരെ ഒരു വര്‍ഷം കൂടി നീട്ടിയിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ബുധനാഴ്ച നാരെഡ്‌കോ സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്‍ബിഎഫ്സി പ്രതിസന്ധി ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം ഡെവലപ്പര്‍മാര്‍ക്കും വാങ്ങുന്നവര്‍ക്കും പണത്തിന്റെ ലഭ്യത കുറവ് മൂലം റിയല്‍ എസ്റ്റേറ്റ് മേഖല ഇതിനകം പ്രതിസന്ധിയിലാണ്. പ്രോപ്പര്‍ട്ടി നിരക്ക് കുറയ്ക്കുന്നത് യുക്തിസഹമാണെന്ന് തോന്നുമെങ്കിലും, അവയില്‍ പല ഘടകങ്ങളും ഉള്‍പ്പെടുന്നുണ്ട്. അവയില്‍ ചിലത് ഡെവലപ്പര്‍മാരുടെ നിയന്ത്രണത്തിന് അതീതമാണ്. മുംബൈ പോലുള്ള ചില നഗരങ്ങളില്‍ ആര്‍ആര്‍ നിരക്കുകളും മാര്‍ക്കറ്റ് നിരക്കുകളും തമ്മില്‍ ഒരു ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. ആര്‍ആര്‍ / സര്‍ക്കിള്‍ നിരക്കില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ നിയമപരമായി സാധ്യമല്ല. അതിനാല്‍, ഡെവലപ്പര്‍മാര്‍ക്ക് അവരുടെ വില കുറയ്ക്കാന്‍ ഗവണ്‍മെന്റ് ഈ നിരക്കുകള്‍ കുറയ്ക്കേണ്ടതുണ്ട്.

വീട് വാങ്ങുന്നവര്‍ക്ക് ചില ആശ്വാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖല. എന്നിരുന്നാലും, വിപണി മെച്ചപ്പെടുന്നതുവരെ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി.

Author

Related Articles