News

പൂനെ സഹകരണ ബാങ്കില്‍ 71 കോടി രൂപയുടെ തട്ടിപ്പ്: എന്‍സിപി നേതാവ് അനില്‍ ഭോസാലെയും മറ്റ് മൂന്ന് അംഗങ്ങളും പിടിയില്‍

പൂനെ: സഹകരണ ബാങ്കില്‍ 71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ എന്‍സിപി നേതാവും മറ്റ് മൂന്ന് അംഗങ്ങളും പിടിയിലായി. പൂനെ സഹകരണ ബാങ്കില്‍ 71 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ അനില്‍ ഭോസാലെയും മറ്റ് മൂന്ന് പേരെയും പൂനെ സിറ്റി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു.

 മുതിര്‍ന്ന ബാങ്ക് ഭാരവാഹികളായ തനാജി പദ്വാള്‍, എസ് വി ജാദവ്, ചീഫ് അക്കൗണ്ടന്റ് ശൈലേഷ് ഭോസാലെ എന്നിവരോടൊപ്പമാണ് അനില്‍ ഭോസാലെയെ ഇഒഡബ്ല്യു ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരെയും ബുധനാഴ്ച പൂനെയിലെ കോടതിയില്‍ ഹാജരാക്കും. ശിവാജിറാവു ഭോസാലെ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ 71.78 കോടി രൂപയുടെ വ്യാജ ഇടപാട് രേഖകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഭോസാലെക്കും ഭാര്യയ്ക്കും മറ്റ് 14 പേര്‍ക്കുമെതിരെ ജനുവരി രണ്ടാം വാരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം 2018-2019 വര്‍ഷത്തെ ബാങ്കിന്റെ സാമ്പത്തിക ഓഡിറ്റിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്യാഷ് ഓണ്‍ ഹാന്‍ഡ് വിഭാഗത്തില്‍ 71 കോടി രൂപയുടെ കുറവുണ്ടായതായി ഓഡിറ്റ് വെളിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് കൂടുതല്‍ അന്വേഷണത്തിനായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റി.

Author

Related Articles