News

20 ശതമാനം സ്‌ക്രീനുകള്‍ ആഡംബര ഫോര്‍മാറ്റിലേക്ക് മാറ്റാനൊരുങ്ങി പിവിആര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീയേറ്റര്‍ ശൃംഖലയായ പിവിആര്‍ തങ്ങളുടെ 20 ശതമാനം സ്‌ക്രീനുകള്‍ സമീപഭാവിയില്‍ ആഡംബര ഫോര്‍മാറ്റിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഡംബര ഫോര്‍മാറ്റ് കൂടുതല്‍ അനുഭവപരിചയമുള്ളതാണെന്ന് പിവിആര്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജിലി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം ആളുകള്‍ സിനിമ കാണുന്നതിന് വീട്ടില്‍ നിന്ന് തീയേറ്ററുകളില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പിവിആര്‍ തീയേറ്ററിന്റെ 12 ശതമാനം തീയേറ്ററുകളും ആഡംബര ഫോര്‍മാറ്റിലുള്ളതാണ്. സമീപഭാവിയില്‍ പുതിയ സിനിമാശാലകള്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ പോര്‍ട്ട്ഫോളിയോയുടെ ഈ വിഹിതം 20 ശതമാനമായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി.

ഇതനുസരിച്ച്, പിവിആര്‍ ദക്ഷിണ ഗുരുഗ്രാവിലെ അഭിമാന റീട്ടെയില്‍ പ്രോജക്റ്റായ 65 ആം അവന്യൂവില്‍ എട്ട് സ്‌ക്രീന്‍ മള്‍ട്ടിപ്ലക്സ് സ്ഥാപിക്കുന്നതിന് റിയല്‍റ്റി സ്ഥാപനമായ എം3എം ഇന്ത്യയുമായി കരാര്‍ ഒപ്പിടുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവയെല്ലാം ലക്ഷ്വറി ഫോര്‍മാറ്റുകളായ ലക്‌സി, 4ഡിഎക്‌സ്, പ്രിമീയം എക്‌സ്എല്‍ ഓഡിറ്റോറിയം എന്നീ രീതിയിലാകും നിര്‍മിക്കുക എന്നും അധികൃതര്‍ അറിയിച്ചു.

സൗത്ത് ഗുരുഗ്രാമിലെ പ്രൈം ഗോള്‍ഫ് കോഴ്സ് റോഡില്‍ എം3എം ഗോള്‍ഫെസ്റ്റേറ്റിനും ട്രംപ് ടവറുകള്‍ക്കും സമീപം സ്ഥിതിചെയ്യുന്ന എം3എം ഇന്ത്യയുടെ 65-ാമത് അവന്യൂ ഏറ്റവും ആഡംബരപൂര്‍ണമായ റീട്ടെയില്‍ പ്രോപ്പര്‍ട്ടികളിലൊന്നാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 73 നഗരങ്ങളിലായി 179 പ്രോപ്പര്‍ട്ടികളിലായി 860 സ്‌ക്രീനുകള്‍ അടങ്ങുന്ന ഒരു സിനിമാ സര്‍ക്യൂട്ടാണ് നിലവില്‍ പിവിആര്‍ നടത്തി വരുന്നത്. കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലേക്കും പിവിആര്‍ പോയിരുന്നു.

Author

Related Articles