News

3 വര്‍ഷത്തെ ഉപരോധം അവസാനിച്ചു; യുഎഇയിലേക്കുള്ള ഇന്ധന കയറ്റുമതി പുനഃരാരംഭിച്ച് ഖത്തര്‍

അബുദാബി: മൂന്ന് വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിച്ചതിനെ തുടര്‍ന്ന് യുഎഇയിലേക്കുള്ള കണ്ടന്‍സേറ്റ് കയറ്റുമതി ഖത്തര്‍ പുനഃരാരംഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ യുഎഇയിലേക്ക് കണ്ടന്‍സേറ്റ് കയറ്റുമതി ചെയ്യുന്നത്. ദുബായിലെ ജാബല്‍ ആലി തുറമുഖത്ത് ഖത്തറില്‍ നിന്നുള്ള ആദ്യ ലോഡ് കണ്ടന്‍സേറ്റ് ഇറക്കിയതായാണ് ടാങ്കര്‍ വിവരങ്ങള്‍ നല്‍കുന്ന സൂചന.

ക്രൂഡ് ഓയിലിന് സമാനമായ ഹൈഡ്രോകാര്‍ബണ്‍ ദ്രാവകമാണ് കണ്ടന്‍സേറ്റ്. എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി (ഇനോക്) ചാര്‍ട്ട് ചെയ്ത അബുദാബി മൂന്ന് എന്ന ടാങ്കര്‍ 80,000 ടണ്‍ കണ്ടന്‍സേറ്റാണ് ഖത്തറില്‍ നിന്നും യുഎഇയില്‍ എത്തിച്ചത്. ഖത്തറിലെ റാസ് ലാഫന്‍ തുറമുഖത്ത് നിന്ന് മാര്‍ച്ച് നാലിനാണ് ഈ ടാങ്കര്‍ പുറപ്പെട്ടത്. മാര്‍ച്ച് ഏഴിന് ജാബെല്‍ ആലിയില്‍ ഈ ടാങ്കര്‍ ചരക്ക് ഇറക്കിയതായി ടാങ്കറുകളുടെ നീക്കം നിരീക്ഷിക്കുന്ന റെഫിനിറ്റീവ് ഐക്കണ്‍ കമ്പനിയില്‍ നിന്നുള്ള വിവരം വ്യക്തമാക്കുന്നു. ജാബെല്‍ ആലിയില്‍ ഇനോകിന്റെ എണ്ണ ശുദ്ധീകരണ ശാലയുണ്ട്.   

ഖത്തറില്‍ നിന്നും കണ്ടന്‍സേറ്റ് ഇറക്കുമതി ചെയ്ത വാര്‍ത്തയോട് ഇനോക് പ്രതികരിച്ചിട്ടില്ല. സൗദി അറേബ്യ, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ മൂന്ന് വര്‍ഷം നീണ്ട അഭിപ്രായ ഭിന്നത ഈ വര്‍ഷം തുടക്കത്തിലാണ് അവസാനിച്ചത്. ഇതിന് ശേഷം ഇരു വിഭാഗങ്ങളും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ വീണ്ടെടുത്തിരുന്നു. ഖത്തര്‍ ഉപരോധത്തിന് മുമ്പ് ഖത്തര്‍ യുഎഇയിലേക്ക് സ്ഥിരമായി കണ്ടന്‍സേറ്റ് കയറ്റി അയച്ചിരുന്നു.

Author

Related Articles