News

ബജാജ് ഫിനാന്‍സില്‍ നിന്ന് രാഹുല്‍ ബജാജ് പടിയിറങ്ങുന്നു

ബജാജ് ഫിനാന്‍സിന്റെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാഹുല്‍ ബജാജ് പടിയിറങ്ങുന്നു. 82 വയസ്സായ അദ്ദേഹം ഈ മാസം 31-നാണ് സ്ഥാനമൊഴിയുക. പകരം നിലവില്‍ വൈസ് ചെയര്‍മാനായ അദ്ദേഹത്തിന്റെ മകന്‍ സഞ്ജീവ് ബജാജ്, നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചിന് സമര്‍പ്പിച്ച കത്തിലാണ് കമ്പനി ഈ കാര്യം അറിയിച്ചത്.

ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ ബോര്‍ഡ് ചെയര്‍മാനും, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിന്റെ മാനേജിംഗ് ഡയറക്ടറുമാണ് സഞ്ജീവ്. ബജാജ് ഗ്രൂപ്പില്‍ അഞ്ചു പതിറ്രാണ്ടിന്റെ പ്രവര്‍ത്തന സമ്പത്തുള്ള രാഹുല്‍ ബജാജ്,? 1987-ല്‍ ബജാജ് ഫിനാന്‍സിന്റെ ആരംഭം മുതല്‍ നായകസ്ഥാനത്തുണ്ട്.

1938ല്‍ ജനിച്ച രാഹുല്‍ ബജാജ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ജംനലാല്‍ ബജാജിന്റെ ചെറുമകനാണ്. യുഎസിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജ്, മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രാഹുല്‍ ബജാജ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബജാജ് ഇലക്ട്രിക്കല്‍സില്‍ ഡെസ്പാച്ചിലും അക്കൗണ്ട്‌സ് വിഭാഗത്തിലും മാര്‍ക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം.

ഈ തൊഴില്‍പരിചയം മുതല്‍ക്കൂട്ടാക്കിയാണ് രാഹുല്‍ പിന്നീട് ഹാര്‍വഡ് സര്‍വകലാശാലയില്‍ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാര്‍വഡ് ഏര്‍പ്പെടുത്തിയ അലുംനി അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് രാഹുല്‍ ബജാജ്. രാഹുലിന്റെ മുത്തച്ഛന്‍ ജംനലാല്‍ ബജാജ് ആണ് 1926-ല്‍ കമ്പനി സ്ഥാപിച്ചത്. 1972-ല്‍ പിതാവ് കമല്‍നയന്റെ മരണത്തോടെയാണ് രാഹുല്‍ ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.

നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നവരാണ് ബജാജ് കുടുബം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബജാജില്‍ 50 വര്‍ഷത്തോളം സേവനമനുഷ്ടിച്ച ശേഷം ഈ മാസം 31-ന് രാഹുല്‍ ബജാജ് പടിയിറങ്ങും.

Author

Related Articles