News

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് ആര്‍ബിഐ; പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയാനും വിലക്ക്

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, പേയ്മെന്റ് യൂട്ടിലിറ്റി സേവനങ്ങള്‍ എന്നിവയില്‍ തകരാറുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് 2020 ഡിസംബര്‍ 2 ന് എച്ച്ഡിഎഫ്‌സി ബാങ്കിന് ഉത്തരവ് പുറപ്പെടുവിച്ചു. ബാങ്കിന്റെ പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്നാണ് നവംബര്‍ 21ന് സേവന തടസ്സം നേരിട്ടതെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തമാക്കിയിരുന്നു.

ബാങ്കിന്റെ ഡിജിറ്റല്‍ 2.0 പദ്ധതി പ്രകാരമുള്ള എല്ലാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാനും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡ് വീഴ്ചകള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ധൈര്യം നല്‍കാന്‍ ഇത് സഹായിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ നിലവിലെ പരിശോധന നടപടികള്‍ അതിന്റെ നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ യാതൊരു സ്വാധീനവും ചെലുത്തുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നടപടികള്‍ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസിനെ ബാധിക്കില്ലെന്ന് കരുതുന്നതായും നിരീക്ഷകര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ ബാങ്ക് എല്ലായ്‌പ്പോഴും ശ്രമിക്കുകയും ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകളില്‍ അടുത്തിടെയുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിന് വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നുവെന്ന് ബാങ്ക് വിശദീകരണം നല്‍കി.

എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, ഐഎംപിഎസ്, മറ്റ് പണമടയ്ക്കല്‍ രീതികള്‍ എന്നീ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ബാങ്കിന് ഒന്നിലധികം തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. നവംബര്‍ 21ലെ തകരാറിന് കാരണം ഡിഎസിസി ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസ്സമാണെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

സമാനമായ മറ്റൊരു തകരാര്‍ 2019 ഡിസംബര്‍ 3 ന് നടന്നിരുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പ ഇഎംഐകള്‍ അടയ്ക്കാനോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തീര്‍പ്പാക്കാനോ ഈ സമയത്ത് കഴിഞ്ഞിരുന്നില്ല. സാങ്കേതിക തകരാര്‍ കാരണം, ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്ക് പ്രവേശിക്കുന്നതിലും തടസ്സം നേരിട്ടിരുന്നു.

Author

Related Articles