News

പഞ്ചാബ് നാഷണല്‍ ബാങ്കിനും ഐസിഐസിഐ ബാങ്കിനും ആര്‍ബിഐ പിഴ ചുമത്തി

ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി സ്വകാര്യ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കിനും ഐസിഐസിഐ ബാങ്കിനുമെതിരെയാണ് ആര്‍ബിഐയുടെ നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1. 8 കോടി രൂപയും ഐസിഐസിഐ ബാങ്കിനു 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 19 ലംഘിച്ചതിനാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനു മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആര്‍ബിഐ ചട്ടങ്ങള്‍ പാലിയ്ക്കാത്തതിനാണ് പിഴ. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം ഈ ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ചട്ട ലംഘനങ്ങള്‍ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഇക്കഴിഞ്ഞ മെയില്‍ സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിഐസിഐ ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു.

ഇത് സംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയത്. ബാങ്ക് നല്‍കിയ അധിക നിവേദനങ്ങളും പരിഗണിച്ചിരുന്നു. ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.

നിയമ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട ആര്‍ ബി ഐ നോട്ടീസിനുള്ള ബാങ്കുകളുടെ മറുപടി പരിഗണിച്ച ശേഷമാണ് പിഴതുക നിശ്ചയിച്ചത്. ഇതിന് മുന്‍പും നിയമ ലംഖനം നടത്തിയത്തിനു മറ്റു ബാങ്കുകള്‍ക്കെതിരെയും ആര്‍ ബി ഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവര്‍ക്കെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചിരുന്നു.

ബാങ്കിലെ തട്ടിപ്പുകള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച സാഹചര്യത്തിലാണ് ഈ ബാങ്കുകള്‍ക്ക് പിഴ വിധിച്ചത്. 25 ലക്ഷം രൂപ ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്കിനും 50,000 രൂപ ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിനും അടക്കേണ്ടതായി വന്നു. സമാനമായ രീതിയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐക്കെതിരെ 50 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരുന്നത്.

വാണിജ്യ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട ആര്‍ബിഐയുടെ തട്ടിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ പിഴവ് വരുത്തിയതാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനും പിഴ ലഭിക്കാന്‍ കാരണമായത്. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് പിഴ എന്നും ബാങ്കിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിനെയോ കരാറിനെയോ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു.

സമാനമായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനും ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. 1.95 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിലെ ഒരു ഇടപാടുകാരന്റെ അക്കൗണ്ട് അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബാങ്ക് കാലതാമസം വരുത്തിയതിനാണ് പിഴ. ഇതിനായുള്ള ആര്‍ബിഐ ഉത്തരവുകള്‍ പാലിക്കാത്തതാണ് പിഴ ഈടാക്കാന്‍ കാരണം. ആര്‍ബിഐ ബാങ്കിന് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയിരുന്നു.

Author

Related Articles