News

സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നത് പരിഗണനയില്‍; അന്തിമ അനുമതി നല്‍കേണ്ടത് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി ലയിപ്പിക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ നിബന്ധനകള്‍ക്ക് വിധേയമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഒരു നിര്‍ദ്ദേശം നല്‍കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് ആയിരിക്കും അന്തിമ അനുമതി നല്‍കേണ്ടത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി സംയോജിപ്പിക്കാന്‍ ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ സമീപിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.
 
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നിയമപരമായ വശങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം സംസ്ഥാനത്തെ ഒന്നോ അതിലധികമോ ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നതോടെ ആര്‍ബിഐ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, ഒരു അധിക മൂലധന ഇന്‍ഫ്യൂഷന്‍ തന്ത്രം, ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം സംബന്ധിച്ച ഉറപ്പ്, വ്യക്തമായ ലാഭക്ഷമതയുള്ള പ്രൊജക്റ്റ് ബിസിനസ് മോഡല്‍, സംയോജിത ബാങ്കിനായി നിര്‍ദ്ദിഷ്ട ഭരണ മാതൃക എന്നിവ ഉണ്ടായിരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

ലയന പദ്ധതിക്ക് ഭൂരിപക്ഷം ഓഹരിയുടമകളും അംഗീകാരം നല്‍കേണ്ടതുണ്ട്. കൂടാതെ, നബാര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിശോധിക്കുകയും ശുപാര്‍ശ ചെയ്യുകയും വേണം. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നബാര്‍ഡുമായി ആലോചിച്ച് പരിശോധിക്കും, അനുമതി അല്ലെങ്കില്‍ അംഗീകാരം രണ്ട് ഘട്ടങ്ങളായുള്ള പ്രക്രിയയായിരിക്കും, '-റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍, ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ലയനത്തിന് 'തത്ത്വത്തില്‍' അംഗീകാരം നല്‍കും. അതിനുശേഷമാവും ലയനത്തിനുള്ള പ്രക്രിയകള്‍ സംമ്പൂര്‍ണ്ണമായി ആരംഭിക്കുക. ആദ്യ ഘട്ടം പൂര്‍ത്തിയായ ശേഷമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നബാര്‍ഡിനെയും ആര്‍ബിഐയെയും കംപ്ലയിന്‍സ് റിപ്പോര്‍ട്ടിനൊപ്പം അന്തിമ അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമീപിക്കേണ്ടത്.

Author

Related Articles