News

കോവിഡ് കേസ് വര്‍ധന: വിപണിയിലെ ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനം ആര്‍ബിഐ മരവിപ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപണിയിലേക്കുള്ള ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസം വരെ പണ ലഭ്യത കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയുടെ ഒഴുക്കിനെ ബാധിക്കാതിരിക്കാനാണ് ഇത്.

ധനലഭ്യത കുറയുന്നത് വിപണിയെ നിലവിലെ സാഹചര്യത്തില്‍ പ്രതികൂലമായി തന്നെ ബാധിക്കും. വിപണി താഴേക്ക് വീഴുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാനാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുന്നതിന് വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇത്തരമൊരു തീരുമാനത്തിലേക്ക് ആര്‍ബിഐ എത്തിയിരിക്കുന്നത്.

എന്നാല്‍ ഇനി കാര്യമായ ലോക്ക്ഡൗണിലേക്ക് രാജ്യം പോകില്ല എന്നതിനാല്‍ തന്നെ ഇപ്പോള്‍ ആര്‍ബിഐ ധനലഭ്യത കുറച്ചാലും വിപണിയെ കാര്യമായി ബാധിക്കില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസം കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 2020 സെപ്റ്റംബറില്‍ പ്രതിദിന കണക്ക് ഒരു ലക്ഷത്തിനടുത്ത് എത്തിയപ്പോള്‍ കഴിഞ്ഞ മാസം ഇത് പതിനായിരത്തിലേക്ക് താന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതാണ് ആശങ്കയ്ക്ക് കാരണം.

'കൊറോണ കേസ് വര്‍ധനവ് രണ്ടാം തരംഗത്തിന്റെ അപകട സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, കൂടുതല്‍ പ്രാദേശിക നിയന്ത്രണങ്ങളും ലോക്ഡൗണ്‍ പോലുള്ള കുറഞ്ഞ കര്‍ശന നിയന്ത്രണങ്ങളുടെ ഒഴിവാക്കലും (പ്രവര്‍ത്തനത്തില്‍) പ്രാരംഭ ഘട്ടത്തിലേതിനെക്കാള്‍ സാമ്പത്തിക ആഘാതത്തെ ലഘൂകരിക്കും,'' സാമ്പത്തിക വിദഗ്ധയായ രാധിക റാവു പറഞ്ഞു.

Author

Related Articles