News

പലിശ നിരക്ക് മാറില്ല; റിസര്‍വ് ബാങ്ക് വായ്പ നയം വ്യക്തമാക്കി

മുംബൈ: ഇത്തവണയും പലിശനിരക്ക് മാറില്ല, റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി വെള്ളിയാഴ്ച്ച തീരുമാനം അറിയിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റീപോ 4 ശതമാനമായി തുടരും. 3.35 ശതമാനമായി റിവേഴ്സ് റീപോ നിരക്കും തുടരും. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുള്ള പലിശനിരക്കാണ് റിവേഴ്സ് റീപോ.

ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ അഗംങ്ങളെല്ലാവരും നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്ന് ധനനയ സമിതി അധ്യക്ഷനും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് ധനനയസമിതി പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റീപോ നിരക്കില്‍ ഭേദഗതി വരുത്തിയതും. അന്ന് റീപോ നിരക്ക് 115 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചിരുന്നു.

നടപ്പു സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് 5.2 ശതമാനമായി റിസര്‍വ് ബാങ്ക് പുതുക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ആദ്യ പാദം ഉപഭോക്തൃ വില സൂചികയില്‍ 5.2 മുതല്‍ 5.5 ശതമാനം വരെ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചു.

നടപ്പു വര്‍ഷം രണ്ടാം പാദം ഉത്പാദന മേഖലയിലെ ശേഷി വിനിയോഗം 47.3 ശതമാനത്തില്‍ നിന്നും 63.3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തിരികെയെത്തുന്നതിന്റെ സൂചനയാണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നു.

അടുത്ത സാമ്പത്തികവര്‍ഷം 10.5 ശതമാനം ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്ക് പ്രവചിക്കുന്നുണ്ട്. പണപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തി. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ചിത്രം പതിയെ മെച്ചപ്പെട്ടു വരികയാണെന്നും ശക്തികാന്ത ദാസ് വെള്ളിയാഴ്ച്ച പറഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) കാര്യത്തിലും പുതിയ തീരുമാനം ധനനയ സമിതി യോഗം കൈക്കൊണ്ടു. ഇനി മുതല്‍ ടിഎല്‍ടിആര്‍ഓ പദ്ധതി പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്നും 3 വര്‍ഷം വരെ റീപോ നിരക്കില്‍ വായ്പയെടുക്കാന്‍ എന്‍ബിഎഫ്സികള്‍ക്കും സാധിക്കും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ പണത്തിന്റെ അനുപാതം (ക്യാഷ് റിസര്‍വ് റേഷ്യോ) രണ്ടു ഘട്ടമായി പുനഃസ്ഥാപിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. മാര്‍ച്ച് 27 മുതല്‍ ക്യാഷ് റിസര്‍വ് റേഷ്യോ 3.5 ശതമാനമായിരിക്കും. മെയ് 22 മുതല്‍ ഇത് 4 ശതമാനമായി നിജപ്പെടും.

കേന്ദ്ര ബജറ്റിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധനനയ യോഗമാണ് ബുധനാഴ്ച്ച ചേര്‍ന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതി ഓരോ രണ്ടു മാസം കൂടുമ്പോഴാണ് വായ്പാ നയം അവലോകനം ചെയ്യാന്‍ യോഗം ചേരാറ്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ സ്ഥിതി, പണപ്പെരുപ്പം, രാജ്യത്തെ ധനനയ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളും യോഗത്തില്‍ വിലയിരുത്തപ്പെടാറുണ്ട്.

Author

Related Articles