News

ആര്‍ബിഐയുടെ പണനയ അവലോകന യോഗം പുനഃക്രമീകരിച്ചു; കാരണം ഇതാണ്

ഫെബ്രുവരി 07 മുതല്‍ 10 വരെ നടക്കാനിരുന്ന റിസര്‍വ് ബാങ്കിന്റെ മോണിട്ടറി പോളിസി യോഗം പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി അനുസരിച്ച് ഫെബ്രുവരി 08 മുതലാകും യോഗം ചേരുക. ഗായിക ലത മങ്കേഷ്‌കറിന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഈ തീരുമാനം. ഫെബ്രുവരി 08 മുതല്‍ 10 വരെയാകും യോഗം നടക്കുക.

അതേസമയം പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പൊതുവെ കരുതപ്പെടുന്നു. ഡിസംബര്‍ 8 ന് പ്രഖ്യാപിച്ച പണ നയത്തില്‍ റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. 2020 മേയ് മുതല്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

പലിശ നിരക്ക് സാധാരണയാക്കല്‍ പ്രക്രിയ തുടരുമെന്ന് സൂചന നല്‍കാന്‍ കേന്ദ്ര ബാങ്ക് നയത്തില്‍ ശ്രമം ഉണ്ടാകും. ഉല്‍പ്പന്ന വിലകള്‍ വര്‍ധിക്കുന്നതും ബോണ്ട് നിരക്കുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 6.05 ശതമാനത്തില്‍ നിന്നും 6.87 ശതമാനമായി ഉയര്‍ന്നതും ബജറ്റില്‍ മൂലധന പദ്ധതികള്‍ക്ക് നിക്ഷേപം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര ബാങ്കിനെ നിലവിലുള്ള റിപ്പോ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചേക്കുമെന്നുമാണ് കരുതുന്നത്.

Author

Related Articles