News

വൈറ്റ് ലേബല്‍ എടിഎം മെഷീനുകള്‍ സ്ഥാപിക്കാനുള്ള നിബന്ധനകളില്‍ ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചേക്കും

മുംബൈ: വൈറ്റ് ലേബല്‍ എടിഎം മെഷീനുകള്‍ സ്ഥാപിക്കാനുള്ള നിബന്ധനകളില്‍ റിസര്‍വ് ബാങ്ക് ഇളവനുവദിച്ചേക്കും. ചെറുനഗരങ്ങളില്‍ എടിഎം ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതി ലക്ഷ്യത്തിലെത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. പദ്ധതി കൊണ്ടുവന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും 23,597 വൈറ്റ് ലേബല്‍ എടിഎം മാത്രമാണ് രാജ്യത്ത് സ്ഥാപിക്കാനായത്.

ബാങ്കിതര സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന എടിഎം മെഷീനുകളാണ് വൈറ്റ് ലേബല്‍ എടിഎം എന്ന് അറിയപ്പെടുന്നത്. ഓരോ വര്‍ഷവും സ്ഥാപിക്കേണ്ട മെഷീനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവുനല്‍കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഈ രംഗത്തുള്ള കമ്പനികളെ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ആദ്യവര്‍ഷം ആയിരം എടിഎമ്മാണ് സ്ഥാപിക്കേണ്ടത്. രണ്ടാംവര്‍ഷം ഇതിന്റെ ഇരട്ടിയും മൂന്നാംവര്‍ഷം മൂന്നിരട്ടിയും എടിഎം സ്ഥാപിച്ചിരിക്കണം. ഇതു പാലിക്കപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് രണ്ടുലക്ഷത്തോളം വൈറ്റ് ലേബല്‍ എടിഎമ്മുകളെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് സാധ്യമായ രീതിയില്‍ വാര്‍ഷിക ലക്ഷ്യം നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഓരോ കമ്പനിക്കും ഓരോ ലക്ഷ്യങ്ങളായിരിക്കുമെന്നാണ് വിവരം.

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് നല്‍കിയ ബാങ്ക് നല്‍കുന്ന 15 രൂപ ഫീസാണ് വൈറ്റ് ലേബല്‍ എടിഎം നടത്തുന്ന കമ്പനിക്ക് ലഭിക്കുന്നത്. ഇത് 18 രൂപയായി ഉയര്‍ത്തണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈറ്റ് ലേബല്‍ എടിഎം ഉള്ളത് ടാറ്റ കമ്യൂണിക്കേഷന്‍സ് പേമെന്റ് സൊലൂഷനാണ്-8290 എണ്ണം. എടിഎം പേമെന്റ്‌സിന് 6249 എണ്ണവും വക്രാംഗീക്ക് 4506 എണ്ണവും ഹിറ്റാച്ചി പേമെന്റിന് 3535 എണ്ണവുമുണ്ട്. കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് 217 വൈറ്റ് ലേബല്‍ എടിഎം സ്ഥാപിച്ചിട്ടുണ്ട്.

Author

Related Articles