News

പിഎസ്എല്‍ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിച്ച് റിസര്‍വ് ബാങ്ക്; വായ്പകളുടെ 75 ശതമാനവും കൃഷി ഉള്‍പ്പെടെയുള്ള മുന്‍ഗണന മേഖലകള്‍ക്ക്

ന്യൂഡല്‍ഹി: പ്രാഥമിക അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 2024നകം വായ്പകളുടെ 75 ശതമാനവും കൃഷി ഉള്‍പ്പെടെയുള്ള മുന്‍ഗണനാ മേഖലകള്‍ക്കായി (പിഎസ്എല്‍) നീക്കിവയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വായ്പ വിതരണത്തില്‍ പിന്നിലുള്ള ജില്ലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം.

പിഎസ്എല്‍ സംബന്ധിച്ച് 2015 ഏപ്രിലില്‍ വാണിജ്യ ബാങ്കുകള്‍ക്കും 2018 മേയില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കിയ നിര്‍ദേശങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചുള്ള രേഖ റിസര്‍വ് ബാങ്ക് പുറത്തിറക്കി. കൃഷിക്കു പുറമെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ), കയറ്റുമതി, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, സാമൂഹിക അടിസ്ഥാന സൗകര്യം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയവയാണ് പിഎസ്എല്ലില്‍ ഉള്‍പ്പെടുന്നത്. അതില്‍ത്തന്നെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ മുന്‍ഗണനയുണ്ട്.

ആളോഹരി വായ്പ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ജില്ലകളെ വേര്‍തിരിച്ചിട്ടുണ്ട്. അതനുസരിച്ച്, പിഎസ്എല്‍ ഗണത്തില്‍ നിലവില്‍ ആളോഹരി 25,000 രൂപയില്‍ കൂടുതല്‍ വായ്പ ലഭിക്കുന്നവയാണ് 205 ജില്ലകള്‍. കേരളത്തില്‍, മലപ്പുറം ഒഴികെയുള്ളവ ഈ ഗണത്തിലാണ്. ആളോഹരി 6000 രൂപയില്‍ താഴെ വായ്പ ലഭിക്കുന്നവയാണ് 184 ജില്ലകള്‍. രണ്ടിനും ഇടയിലുള്ള ഗണത്തിലാണ് മലപ്പുറം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, പിന്നാക്കമുള്ള 184 ജില്ലകള്‍ക്കാവും മുന്‍ഗണന. ഈ പട്ടിക 202324ല്‍ പരിഷ്‌കരിക്കും.

നിലവില്‍ വാണിജ്യ ബാങ്കുകളും അര്‍ബന്‍ സഹകരണ ബാങ്കുകളും 40% വായ്പയാണ് പിഎസ്എല്‍ ഗണത്തില്‍ നല്‍കുന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഇതു ക്രമേണ വര്‍ധിപ്പിച്ച് 2024 മാര്‍ച്ച് 31 ആകുമ്പോഴേക്കും 75% ആക്കണം. എല്ലാ ബാങ്കുകളും ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കുള്ള വായ്പകള്‍ നിലവിലെ 8 ശതമാനത്തില്‍നിന്ന് 4 വര്‍ഷംകൊണ്ട് 10 ശതമാനമാക്കണം. ഇതേ കാലയളവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ളത് 10 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കണം.

വ്യക്തിഗത കാര്‍ഷിക വായ്പകള്‍: കൃഷിക്ക്, യന്ത്രസാമഗ്രികള്‍ വാങ്ങാന്‍, വിളവെടുപ്പിന്, വട്ടിപ്പലിശക്കാരില്‍നിന്നുള്ള വായ്പകള്‍ തിരിച്ചടയ്ക്കല്‍, കൃഷിക്കായി ഭൂമി വാങ്ങല്‍, വിള ഈടുവച്ച് ഒരു വര്‍ഷത്തേക്കുള്ള വായ്പ, സോളര്‍ പമ്പ് തുടങ്ങിയവയ്ക്ക്. ഒരു ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരാണ് നാമമാത്ര ഗണത്തിലുള്‍പ്പെടുക, ഒന്നു മുതല്‍ 2 ഹെക്ടര്‍വരെയുള്ളവര്‍ ചെറുകിട ഗണത്തിലും. ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുന്നവര്‍ക്കും കൃഷി അനുബന്ധ ജോലികള്‍ക്കും ഈ ഗണങ്ങളില്‍ പരിഗണന ലഭിക്കും.

എംഎസ്എംഇ ഗണത്തില്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 കോടി വരെയാണ് വായ്പ. 20 ലക്ഷംവരെയുളള വിദ്യാഭ്യാസ വായ്പകള്‍ പിഎസ്എല്‍ ഗണത്തില്‍ പെടും. മെട്രോ നഗരങ്ങളില്‍ 35 ലക്ഷം, മറ്റു സ്ഥലങ്ങളില്‍ 25 ലക്ഷം എന്നിങ്ങനെയാണ് വീടു വാങ്ങാനും നിര്‍മ്മാണത്തിനുമുള്ള വായ്പകള്‍. വീടുകളുടെ അറ്റകുറ്റപ്പണിക്ക് മെട്രോകളില്‍ 10 ലക്ഷം, മറ്റു സ്ഥലങ്ങളില്‍ 6 ലക്ഷം എന്നിങ്ങനെയും.

Author

Related Articles