News

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ തുടര്‍ന്നാല്‍ അക്കൗണ്ട് റദ്ദാക്കും; മുന്നറിയിപ്പുമായി ബാങ്കുകള്‍

മുംബൈ: ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുകളുമായി ബാങ്കുകള്‍. വിര്‍ച്വല്‍ കറന്‍സിയില്‍ ഇടപാടുകള്‍ തുടര്‍ന്നാല്‍ അക്കൗണ്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 2018 - ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി അറിയിപ്പുനല്‍കിയിരിക്കുന്നത്.

വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ ആര്‍.ബി.ഐ. അടുത്തുള്ള ബാങ്ക് ശാഖയില്‍ എത്തി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ചയുണ്ടായാല്‍ അക്കൗണ്ടിലെ ഇടപാടുകള്‍ നിയന്ത്രിക്കുമെന്നും പറയുന്നു. വിര്‍ച്വല്‍ കറന്‍സി ഇടപാടിലെ വെല്ലുവിളികളില്‍ കരുതലുണ്ടാകണമെന്ന് നിര്‍ദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്. വിര്‍ച്വല്‍ കറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ കാര്‍ഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഉത്തരവ് 2020 മാര്‍ച്ചില്‍ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ആര്‍ബിഐ പുതിയ ഉത്തരവിറക്കുകയോ നിലവിലുള്ളത് പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. ഇതുമൂലമുള്ള അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയിരിക്കെ നിയമസാധുതയില്ലാത്ത ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാണ് ബാങ്കുകളുടെ തീരുമാനം.

ഇന്ത്യയിലെ പ്രധാന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന സേവനങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഉപഭോക്താക്കള്‍ക്ക് അറിയിപ്പു നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആര്‍.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ബി.ഐ. ഉത്തരവില്‍ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.

Author

Related Articles