News

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്‌കി പറഞ്ഞു. പ്രതിദിന വാര്‍ത്ത സമ്മേളനത്തിലാണ് ജെന്‍ പസ്‌കിയുടെ പരാമര്‍ശം.

ഊര്‍ജ ഇറക്കുമതിയിലെ വൈവിധ്യവല്‍ക്കരണത്തിന് ഇന്ത്യക്ക് ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും യുഎസ് തയാറാണ്. വിശ്വസ്തനായ എണ്ണ ഇറക്കുമതി പങ്കാളിയെ കണ്ടെത്താന്‍ ഇന്ത്യയെ യുഎസ് സഹായിക്കാം. റഷ്യയില്‍ നിന്നും ഇന്ത്യ രണ്ട് ശതമാനം എണ്ണ മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.

നേരത്തെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ദലീപ് സിങ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു. ബാരലിന് 35 ഡോളര്‍ വരെ കുറവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എണ്ണ കമ്പനികള്‍ ഇതുസംബന്ധിച്ച് റഷ്യയുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

News Desk
Author

Related Articles