News

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങി പുരാനിക് ബില്‍ഡേഴ്സ്

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ പുരാനിക് ബില്‍ഡേഴ്സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി സെബിക്ക് മുമ്പാകെ പ്രാഥമിക പേപ്പറുകള്‍ സമര്‍പ്പിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പറുകള്‍ പ്രകാരം, ഐപിഒയിലൂടെ 510 കോടി രൂപയുടെ പുതിയ ഓഹരികളും കമ്പനിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ 945,000 ഇക്വിറ്റി ഷെയറുകള്‍ ഓഫര്‍ ഫോര്‍ സെയ്ലിലൂടെ വില്‍ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. രവീന്ദ്ര പുരാനിയുടെയും ഗോപാല്‍ പുരാനിയുടെയും കയ്യിലുള്ള 4,72,500 വീതം ഇക്വിറ്റി ഷെയറുകളാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കുക.

അതേസമയം, മുംബൈ ആസ്ഥാനമായുള്ള റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ 150 കോടി രൂപ ഐപിഒയക്ക് മുന്നോടിയായി സമാഹരിക്കുന്നത് പരിഗണിച്ചേക്കും. അങ്ങനെയങ്കില്‍ ഈ തുക പ്രാരംഭ ഓഹരി വില്‍പ്പനയില്‍നിന്ന് കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇഷ്യുവിലൂടെയുള്ള വരുമാനം വായ്പ തിരിച്ചടവിനും മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക.

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലും പൂനെ മെട്രോപൊളിറ്റന്‍ റീജിയണിലും ഇടത്തരം വരുമാനമുള്ള, താങ്ങാവുന്ന ഭവന വിഭാഗത്തില്‍ പാര്‍പ്പിട പദ്ധതികള്‍ വികസിപ്പിച്ച് ശ്രദ്ധേയരായ പുരാനിക് ബില്‍ഡേഴ്സ് 31 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കമ്പനിയാണ്. എലാര ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെയാണ് ഐപിഒയ്ക്കായി പുരാനിക് ബില്‍ഡേഴ്സ് തെരഞ്ഞെടുത്തിട്ടുള്ളത്. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. ഐപിഒയിലേക്കുള്ള പുരാണിക് ബില്‍ഡേഴ്സിന്റെ മൂന്നാമത്തെ ശ്രമമാണിത്. നേരത്തെ 2019 നവംബറില്‍, പുരാനിക് ബില്‍ഡേഴ്സ് പ്രാരംഭ ഓഹരി വില്‍പ്പന ആരംഭിക്കാന്‍ സെബിക്ക് പേപ്പറുകള്‍ ഫയല്‍ ചെയ്യുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇത് നടപ്പായില്ല.

Author

Related Articles