News

ഉയര്‍ന്ന ഇന്ധന വില ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കും

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് ഉടനെയൊന്നും സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ധന വില വലിയ വില്ലനാകുന്നുവെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കൂടി ഉയര്‍ന്നതോടെ പല വീടുകളിലും ദാരിദ്ര്യം അതിശക്തമായിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില നൂറ് കടക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തിരിക്കുകയാണ്.

പെട്രോള്‍ വിലയ്ക്ക് സമാനമായി ഡീസലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നൂറ് രൂപയിലേക്ക് ഡീസലും എത്തിയാല്‍ ഇപ്പോഴുള്ള പ്രശ്നം രൂക്ഷമാകും. മുംബൈ പോലൊരു നഗരത്തില്‍ പെട്രോള്‍ വാങ്ങുന്നത് ന്യൂയോര്‍ക്ക് നഗരത്തേക്കാളും രണ്ട് ഇരട്ടി പണം കൊടുത്താണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ നിരക്കിലാണ് ഇന്ത്യയിലെ ഇന്ധനം വില്‍ക്കുന്നത്. ഇനിയും വില കൂടുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇന്ത്യയുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് ഇന്ധന വിലയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാഹന ഉടമകളെ മാത്രമല്ല, പണപ്പെരുപ്പത്തെയും ഉയര്‍ത്താനാണ് ഇന്ധന വില സഹായിക്കുക. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത് വരുമാനം തീര്‍ത്തും കുറയാനും, സമ്പാദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കും ഇന്ത്യന്‍ പൗരന്മാരെ നയിക്കും. ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്. ഇന്ധന ആവശ്യകത ഇന്ത്യയില്‍ ഉയര്‍ന്ന തോതിലാണ്. ഈ സമയത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത് ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അതേസമയം വില വര്‍ധിച്ചാല്‍ ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറയും, അത് സര്‍ക്കാരിന്റെ വരുമാനത്തെ തന്നെ ബാധിക്കും. ഇത് ദീര്‍ഘകാലത്തില്‍ നടക്കാനിടയുള്ള കാര്യമാണ്. നേരത്തെ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധന ആവശ്യകത കുറഞ്ഞിരുന്നു.അപ്പോള്‍ സര്‍ക്കാരിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം ഇപ്പോള്‍ റെക്കോര്‍ഡ് നിരക്കിലാണ്. ആര്‍ബിഐ നിരക്കിന് മുകളിലാണിത്. ഫുഡ് ഡെലിവറി, ഗതാഗതം, ഇ കൊമേഴ്സ് പോലുള്ളവരെ ശക്തമായി ഇന്ധന വില ബാധിക്കും. അതിന്റെ ബാധ്യത ഉപഭോക്താക്കളായിരിക്കും വഹിക്കേണ്ടി വരിക.

ഇന്ധന നികുതി കുറയ്ക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. മധ്യവര്‍ഗത്തെ ഇത് ബാധിക്കുന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിന് തടസ്സമാകാന്‍ പോകുന്നത്. ദില്ലിയില്‍ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് പറയുന്നത് തന്റെ കാര്‍ വില്‍ക്കാന്‍ പോവുകയാണെന്നാണ്. ഇന്ധന വില കാരണം കാര്‍ തനിക്ക് ആഢംബരമായെന്നും ഇയാള്‍ വ്യക്തമാക്കി. എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരും നിര്‍ദേശിക്കുന്നത്.

Author

Related Articles